കൈപൊള്ളിച്ച് രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഡൽഹി ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികൾക്ക് കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലാണ് വില. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ മഴക്കെടുതിയും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവുമാണ് രാജ്യത്ത് പച്ചക്കറി വില കുത്തനെ ഉയരാൻ കാരണം.

തലസ്ഥാന നഗരമായ ഡൽഹിയിൽ ഒരു കിലോ തക്കാളിയുടെ വില 100 രൂപയ്ക്ക് മുകളിൽ ആണ്. സമാന സ്ഥിതിയാണ് മറ്റ് പല സംസ്ഥാനങ്ങളിലും. ചെന്നെയിൽ തക്കാളി കിലോ 160 രൂപയായി ഉയർന്നത് രണ്ട് ദിവസം മുമ്പാണ്.

ബീഹാറിൽ 83 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. തക്കാളിക്ക് മാത്രമല്ല വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. കടലയുടെ വില ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 100 രൂപയ്ക്ക് മുകളിൽ ആണ്. വെണ്ടയ്ക്ക, കാരറ്റ്, ബീൻസ് എന്നിവയുടെ വില 120ന് മുകളിൽ എത്തി.

കനത്ത മഴയും വെള്ളപ്പൊക്കവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശം സൃഷ്ടിച്ചത് ആണ് പച്ചക്കറി വില കുതിച്ചുയരാൻ കാരണമായത്. തക്കാളി ഉൾപ്പടെയുള്ള പച്ചക്കറികളിൽ 50% കർണാടകയിൽ നിന്നും 25% ആന്ധ്രയിൽ നിന്നും 25% തമിഴ്നാട്ടിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. കൃഷിനാശം സംഭവിച്ചതോടെ മൊത്ത വ്യാപാരികൾ വില വർധിപ്പിച്ചത് ഇരട്ടിയിലേറെ ആണ്.

മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ചു മാസത്തെ ഉയർന്ന നിരക്കിലാണ്. ഒക്ടോബറിൽ വിലക്കയറ്റം 12.5 ശമാനമാണ് ഉണ്ടായിരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറികൾ കൊണ്ട് വരുമ്പോൾ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന തന്നെയാണ് പെട്ടെന്ന് വിലക്കയറ്റം ഉണ്ടാകാൻ കാരണം.

കാർഷിക സംസ്ഥാനങ്ങളായ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷി നടക്കുന്നുണ്ട് എങ്കിലും വിവാഹ സീസൺ അടുക്കുന്നതോടെ കൂടിയ ആവശ്യക്കാരുടെ എണ്ണത്തിന് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ എത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഇത് വരെ ഉണ്ടായിട്ടില്ല. ചരക്ക് നീക്കം ചിലവേറിയ ഒന്നായി മാറുമ്പോൾ നിരവധി കുടുംബങ്ങളുടെ ജീവിത ചിലവും കുത്തനെ കൂടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here