ചെഗുവേരയുമായിച്ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും ഈ വിപ്ലവകാരി; കാസ്ട്രോയെ അനുസ്മരിച്ച് എംഎ ബേബി

സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനും മഹാനായ വിപ്ലവകാരിയും മനുഷ്യ സ്നേഹിയുമായിരുന്ന സഖാവ് ഫിദൽ കാസ്ട്രോ വിടപറഞ്ഞിട്ട് ഇന്ന് 5 വർഷം. അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിന് മുന്നില്‍ ഒരിക്കലും കീഴങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയതെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു. അനശ്വരരക്തസാക്ഷി ചെഗുവേരയുമായിച്ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശം പകർന്നതും സമാനതകളില്ലാത്ത ഈ വിപ്ലവകാരിയാണെന്നും അദ്ദേഹം ഓർമിച്ചു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ നായകനും മഹാനായ വിപ്ലവകാരിയും മനുഷ്യ സ്നേഹിയുമായിരുന്ന സഖാവ് ഫിദൽ കാസ്ട്രോ നമ്മെ വിട്ടു പിരിഞ്ഞിട്ട് 5 വർഷം.1959ല്‍ ക്യൂബയിലെ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ സായുധ വിപ്ളവത്തിലുടെ പരാജയപ്പെടുത്തിയാണ് ഫിദല്‍ – റൌൾ കാസ്ട്രോ ദ്വയവും ചെഗുവേരയുമടങ്ങുന്ന ജനകീയശക്തികൾ ക്യൂബയുടെ ഭരണമേറ്റെടുത്തത്. ദക്ഷിണാർദ്ധഗോളത്തിലെ പ്രഥമസോഷ്യലിസ്റ്റ് പരീക്ഷണത്തിനാണ് അന്ന് തുടക്കം കുറിച്ചത്. തുടര്‍ന്ന് 1965ല്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകുകയും ക്യൂബയെ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് പേരുമാറ്റുകയും ചെയ്തു.

അടിസ്ഥാനപരമായഭൂപരിഷ്ക്കരണവും ചൂഷണവിരുദ്ധ- ജനകീയ പരിവർത്തനപരിപാടികളും നടപ്പാക്കപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിന് മുന്നില്‍ ഒരിക്കലും കീഴങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയത്. അനശ്വരരക്തസാക്ഷി ചെഗുവേരയുമായിച്ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

സി പി ഐ എമ്മിനെ പ്രതിനിധീകരിച്ച് ഫിദലിന്റെ ചരമാനന്തരചടങ്ങുകളിൽ പങ്കെടുക്കുവാൻ ഹവാനയിൽ എത്തിയ എനിക്ക് ഒരു ജനത ഫിദലിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനുള്ള അവസരം ഉണ്ടായി . ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് രാവിലെ പുറപ്പെട്ട വാഹനവ്യൂഹം സാന്റിയാഗോ നഗരത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ പാതയുടെ ഇരുവശവും പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങളും ക്യൂബയുടെ പുതിയ മാറ്റങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കും പങ്കാളിത്തം വഹിക്കുന്ന സഖാക്കളും കാത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞു.

കണ്ണീരോടെ എന്നാൽ അതിലേറെ പക്വതയോടെ ആണവർ പ്രിയ നേതാവിന് യാത്ര അയപ്പ് നൽകിയത്. അമേരിക്കൻ സാമ്രാജ്യത്തവും കൂട്ടാളികളും സി ഐ എ യെ ഉപയോഗിച്ച് ക്യൂബയിൽ അന്തച്ഛിദ്രമുണ്ടാക്കാനാവുമോയെന്ന് പരിശോധിക്കാൻ പുതിയ നീക്കങ്ങൾ നടക്കുന്നതിനിടയിലാണ് ഫിദലിന്റെ ഓർമ്മദിനമെത്തുന്നത്. ക്യൂബയോട് കൂടുതൽ ദൃഢമായ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ അതുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ലോകമെങ്ങും ഉള്ള പോരാളികളുടെ ആവേശമായിരുന്ന സഖാവ് ഫിദൽ കാസ്ട്രോയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News