മൊഫിയയുടെ ആത്മഹത്യ; പ്രതികള്‍ റിമാന്‍ഡില്‍

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്‍റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ക്കായുളള പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കും. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.

നിയമവിദ്യാര്‍ഥിനിയായ മൊഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍അ റസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, സുഹൈലിന്‍റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. ആത്മഹത്യ പ്രേരണയ്ക്ക് പുറമെ ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്.

കസ്റ്റഡി അപേക്ഷ കോടതി പിന്നീട് പരിഗണിക്കും. അതേസമയം യുവതിയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പൊലീസ് വീ‍ഴ്ചവരുത്തിയെന്നാരോപിച്ച് ആലുവ എസ്പി ഓഫീസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. രണ്ട് മണിക്കൂറോളം സബ് ജയില്‍ റോഡ് ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

പൊലീസിന് നേരെ കല്ലും കമ്പുകളും മുട്ടകളും വലിച്ചെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധ മാര്‍ച്ച് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്ത ശേഷവും സംഘര്‍ഷം തുടര്‍ന്നു. നടുറോഡില്‍ ടയറുകള്‍ കത്തിച്ചും ഭീതി പരത്തിയുമായിരുന്നു സമരം. പ്രതിഷേധത്തില്‍ ഒരു സിഐ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel