കൈരളി ന്യൂസ് എക്സ്ക്ലൂസീവ്……കുഞ്ഞിനെ ഒഴിവാക്കിയത് ധാരണ പ്രകാരം; ദത്ത് വിവാദത്തില്‍ ടി വി അനുപമയുടെ റിപ്പോർട്ടിൻ്റെ വിശദാംശങ്ങള്‍ പുറത്ത്

ദത്ത് വിവാദത്തില്‍ ടി വി അനുപമയുടെ റിപ്പോർട്ടിൻ്റെ വിശദാംശം പുറത്ത്. ശിശുക്ഷേമ സമിതിയേയും കുറ്റവിമുക്തമാക്കി ടിവി അനുപമയുടെ റിപ്പോര്‍ട്ട്.

ദത്ത് നടപടികളില്‍ വീ‍ഴ്ച്ചയില്ലെന്നും കുട്ടി ഉപേക്ഷിക്കപ്പെട്ടത് തന്നെയെന്നും കണ്ടെത്തല്‍. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയത്. കുഞ്ഞിന്‍റെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടും അച്ഛന്‍ അജിത്ത് പരാതിയുമായി രംഗത്തെത്തിയില്ലെന്നും കണ്ടെത്തല്‍.

അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതാണോ , അതോ അച്ഛനായ ജയചന്ദ്രന്‍ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറിയതാണോ എന്ന വലിയ ചോദ്യത്തിന് ഉത്തരമാകുകയാണ് . കുട്ടിയെ അനുപമയും അച്ഛന്‍ ജയചന്ദ്രനും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയ ശേഷം കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നു എന്നാണ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എടുത്ത് പറയുന്നത്.

അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്‌ഥ കരാറിൽ എ‍ഴുതി ചേർത്തു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് ശിശു ക്ഷേമസമിതിയിലേക്ക് അറിയിച്ചു .

കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ചത് അമ്മത്തൊട്ടിലില്‍ നിന്ന് തന്നെ എന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു .വിവിധ ആളുകളില്‍ നിന്നും ശേഖരിച്ച മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും അനുമാനങ്ങളിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കുട്ടിയെ ലഭിച്ച ശേഷം ആന്ധ്ര ദമ്പതികള്‍ക്ക് നല്‍കിയതിലും വീ‍ഴ്ച്ച സംഭവിച്ചിട്ടില്ല. 2015ലെ ബാലനീതി നിയമവും 2017ലെ അഡോപ്ഷന്‍ റെഗുലേഷനും പ്രകാരം ഉളള എല്ലാ നടപടികളും പൂര്‍ത്തികരിച്ചിട്ടുണ്ട്.

ദത്ത് നല്‍കും മുന്‍പ് കുഞ്ഞിന്റെ ചിത്രം പത്രത്തില്‍ പ്രസിദ്ധീകരിച്ചു. പത്രത്തിലെ ചിത്രം കണ്ടിട്ടും അജിത്ത് പരാതിയുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ സമീപിച്ചില്ലെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

കുഞ്ഞിന്‍റെ അമ്മയായ അനുപമയെ സംശയനി‍ഴലില്‍ നിര്‍ത്തുന്നതും, അച്ഛനായ അജിത്തിനെ കുറ്റപ്പെടുത്തുമായ റിപ്പോര്‍ട്ടാണ് ടിവി അനുപമ ഐഎഎസ് സര്‍ക്കാരിന് കൈമാറിയത്. ക‍ഴിഞ്ഞ 48 മണിക്കൂറിലധികമായി ഈ റിപ്പോര്‍ട്ടിനെ ചൊല്ലി വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ ആണ് ഒരു വിഭാഗം മാധ്യമങ്ങളില്‍ വരുന്നതെന്ന് ഇതോടെ വ്യക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here