കെ പി സി സി നേതൃത്വത്തിനെതിരെ ശശി തരൂർ എം പി

കെ പി സി സി നേതൃത്വത്തിനെതിരെ ശശി തരൂർ എംപി യുടെ ട്വീറ്റ്. പ്രൊഫഷണൽ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായ തരൂര്‍ അറിയാതെ കേരളത്തിലെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡൻറ് നിയമനം നടത്തിയതാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്.

കെ സുധാകരന്‍ നിയമിച്ച പ്രസിഡന്‍റ് വി എസ് ചന്ദ്രശേഖരന്‍ എഐപിസിയുടെ പ്രാഥമിക അംഗം പോലുമല്ലെന്ന് തരൂരിന്‍റെ ട്വീറ്റ്. തരൂര്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ വി എസ് ചന്ദ്രശേഖരന്‍റെ നിയമനം കെ സുധാകരന്‍ മരവിപ്പിച്ചു.

അതിനിടെ കോൺഗ്രസിൻ്റെ പ്രവാസി സംഘടനയിലും കെ സുധാകരൻ വെട്ടിനിരത്തി. ചെന്നിത്തലയുടെ വിശ്വസ്തരായിരുന്ന ഉസ്മാനും , മഹാദേവനും ഒഴിവാക്കി ഒ ഐ സി സി പുനഃസംഘടിപ്പിച്ചു.

ഡിസിസി പുനഃസംഘടനക്ക് പിന്നാലെ കോൺഗ്രസിൻറെ പോഷക സംഘടനകൾ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കുന്ന കെ സുധാകരൻറെ ശൈലിക്കെതിരയൊണ് ശശി തരൂർ പരസ്യമായി രംഗത്തെത്തിയത്.

പ്രൊഫഷണൽ കോൺഗ്രസിൻറെ അഖിലേന്ത്യാ അധ്യക്ഷനായ താൻ അറിയാതെ കേരള ഘടകം പുനഃസംഘടിപ്പിച്ച കെപിസിസി പ്രസിഡൻറ് കെ സുധാകരന് എതിരെ പരസ്യമായി ട്വിറ്ററിലൂടെ തരൂർ അതൃപ്തി അറിയിച്ചു. പ്രൊഫഷണൽ കോൺഗ്രസിൻറെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വിഎസ് ചന്ദ്രശേഖരൻ എങ്ങനെ പ്രസിഡൻറ് ആയിയെന്ന് തനിക്ക് അറിയില്ലെന്നും തരൂർ വ്യക്തമാക്കി.

ക‍ഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ. എസ് എസ് ലാലിനെ ഒറ്റയടിക്ക് മാറ്റിയാണ് വിഎസ് ചന്ദ്രശേഖരനെ സുധാകരന്‍ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. നിയമനം സംബന്ധിച്ച കൈരളി വാർത്ത പുറത്ത് വരികയും , ശശി തരൂർ ട്വീറ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെ വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതിനിടെ പ്രവാസികൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന കോൺഗ്രസിൻറെ പോഷക സംഘടനയായ ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസും കെ സുധാകരൻ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ചു. പദ്മശ്രീ സി കെ മേനോൻ അധ്യക്ഷനായിരുന്ന സംഘടനയുടെ തലപ്പത്തേക്ക് കുമ്പളത്ത് ശങ്കരപിളളയെ നിയമിച്ചത് ക‍ഴിഞ്ഞ മാസമാണ് .

അതിന് പിന്നാലെ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ഓ ഐ സി സി, ഇൻകാസ് എന്നിവയിലെ ഭാരവാഹികളെ കെ സുധാകരൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് പ്രവാസി സംഘടനയിൽ ഭിന്നിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഗ്ലോബൽ ചെയർമാനായ കുമ്പളത്ത് ശങ്കരപിളളയോട് എല്ലാ രാജ്യങ്ങളും സന്ദർശിച്ച ശേഷം പുനഃസംഘടന നടത്താനാണ് പറഞ്ഞിരുന്നതെങ്കിലും കുവൈറ്റ്, ബഹറിൻ, സൗദി, യുഎഇ, ഖത്തർ, ഒമാൻ എന്നീ ചാപ്റ്റുകളിലെ കൺവീനര്‍മാരെ കെ സുധാകരൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചു.

സംസ്ഥാന കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കൾ പോലും അറിയാതെ പോഷക സംഘടനകൾ പുനഃസംഘടിപ്പിക്കുന്നതിൽ കടുത്ത അതൃപ്തി ഉണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News