ഐ എസ് എല്‍; ഇന്ന് എഫ്.സി ഗോവ – ജംഷെദ്പുർ പോരാട്ടം

ഐ എസ് എല്‍ ഫുട്ബോളിൽ ഇന്ന് എഫ്.സി ഗോവ – ജംഷെദ്പുർ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം ജി എം സി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.

മുംബൈ എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ എഫ്.സി ഗോവയെ തരിപ്പണമാക്കിയത് ക്ലബ്ബിന്റെ പഴയ താരം കൂടിയായ ഇഗോർ അംഗുളോയുടെ ഇരട്ട ഗോളുകളായിരുന്നു.

പന്ത് വരുതിയിൽ നിർത്തുന്നതിൽ മേൽക്കൈ ഉണ്ടായിട്ടും നാണം കെട്ട തോൽവി ഏറ്റുവാങ്ങിയത് ഗോവയുടെ സ്പാനിഷ് പരിശീലകൻ ജുവാൻ ഫെറാൻഡോയെ ഒട്ടൊന്നുമല്ല നിരാശനാക്കുന്നത്.

ഗ്ലെൻ മാർട്ടിൻസും എഡു ബേദിയയും മധ്യനിരയിൽ തരക്കേടില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിരയിലെ പോരായ്മകളും ഗോളടി മികവുള്ള സ്ട്രൈക്കറുടെ അഭാവവുമാണ് ഗോവയ്ക്ക് തിരിച്ചടിയായത്.

ബമ്പോളിമിൽ രണ്ടാം മത്സരത്തിനൊരുങ്ങുമ്പോൾ വിജയം മാത്രമാണ് ഗൌറുകളുടെ ലക്ഷ്യം. അതേസമയം തകർപ്പൻ കളി കെട്ടഴിച്ചിട്ടും ആദ്യമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങേണ്ടി വന്നത് ഓവൻ കോയ്ൽ പരിശീലകനായ ജംഷെദ്പുർ ടീമിന്റെ മനോവീര്യം ചോർത്തിയിട്ടുണ്ട്.

ബോൾ പൊസഷനിലും പാസിംഗിലുമെല്ലാം ഏറെ മുന്നിൽ നിന്നത് റെഡ് മൈനേഴ്സായിരുന്നു. പ്രൊണോയ് ഹാൽദറിനും ജീക്സൺ സിംഗിനുമാണ് മധ്യനിരയിലെ ചുമതല.

ഇംഗ്ലീഷ് താരം പീറ്റർ ഹാർട്ട്ലി ചുക്കാൻ പിടിക്കുന്ന പ്രതിരോധം തകർത്തു കളിക്കുമ്പോൾ വിജയിക്കാതെ ജംഷെദ്പുരിന് മടക്കമില്ല. ഏതായാലും വാസ്കോയിലെ തിലക് മൈതാൻ വീണ്ടും സൂപ്പർ പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here