രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 13 വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം ഇരയായത്.
നഗരത്തിൽ ഏറ്റവും കൂടുതൽ പേർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിൽ ഇതിനെല്ലാം ദൃക്‌സാക്ഷികളായ ചിലരുണ്ട് . ഫോട്ടോ ജേര്‍ണലിസ്റ്റുകളായ സതീഷ് മാലവാഡെയും സെബാസ്റ്റ്യൻ ഡിസൗസയും ജീവൻ പണയം വച്ച് അന്നെടുത്ത ചിത്രങ്ങളിലൂടെയായിരുന്നു കൊലയാളികളെ ലോകം ആദ്യമായി കണ്ടത്.
സതീഷ് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം ഇന്നലെ കഴിഞ്ഞ പോലെയാണ് ഓർത്തെടുക്കുന്നത്.
കടൽ കടന്ന് വന്നവർ നഗരത്തെ മുൾമുനയിൽ നിർത്തുകയായിരുന്നു. ചോരപ്പുഴ തീർത്തു. നാല് ദിവസത്തോളം നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ തുരത്താനായത്. ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.
ലക്ഷക്കണക്കിന് യാത്രികർ ദിവസം തോറും എത്തുന്ന സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്.
ഏറ്റുമുട്ടലിൽ ഒൻപതു ഭീകരരെ വധിച്ചു. ഭീകരന്മാരിലൊരാളായ അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാൻ മുംബൈ പൊലീസിന് കഴിഞ്ഞത് . വിചാരണയ്ക്കൊടുവിൽ 2012 നവംബർ 21-ന് കസബിനെ തൂക്കിലേറ്റി. കസബിന്റെ ചിത്രം ആദ്യമായി ലോകത്തിന് കാണിച്ചു കൊടുത്തത് ഫോട്ടോ ജേർണലിസ്റ്റായ സതീഷ് മാലവാഡെ ആയിരുന്നു.
സി എസ് ടി സ്റ്റേഷന്റെ എതിർവശത്തുള്ള മുംബൈ മിററിൽ ഫോട്ടോ ജേർണലിസ്റ്റായി ജോലി ചെയ്യുന്ന സതീഷ് കൊളാബയിൽ എവിടെയോ നടന്ന വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്യുവാൻ ഇറങ്ങിയതായിരുന്നു.
സി എസ് ടി സ്റ്റേഷനിലും ആക്രമണം നടന്നുവെന്നറിഞ്ഞാണ് അവിടേക്ക് ഓടിയെത്തിയത്. എന്നാൽ ചാകാൻ പോകുകയാണോയെന്ന ചോദ്യവുമായി ആക്രോശിച്ചു വന്ന പൊലീസുകാരന്റെ താക്കീതിനെ വക വയ്ക്കാതെയായിരുന്നു അന്ന് ആ ദൗത്യം നിർവഹിച്ചതെന്ന് സതീഷ് പറയുന്നു . മനസ്സിൽ മായാതെ കിടന്ന നഗരത്തെ നടുക്കിയ സംഭവം ഫോട്ടോ-ജേര്‍ണലിസ്റ്റ് സതീഷ് മാലവാഡെ ഓർത്തെടുത്തു.
ഇസ്മയിലിന്റെ വെടിയേറ്റ് തന്റെ മുന്നിൽ പിടഞ്ഞു വീണ ശശാങ്ക് ഷിൻഡെ എന്ന പൊലീസുകാരനും , വീലർ ബുക്ക് സ്റ്റാൾ ഉടമ താണ്ടേയും കണ്ടു മറന്ന സിനിമാക്കഥ പോലെയാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത് . സതീഷ് പറയുന്നു.
ആക്രമണത്തിന്റെ വ്യാപ്തിയും അതിന്റെ ഭയാനകതയും ആ സമയത്ത് അറിയില്ലായിരുന്നു. ആദ്യം അഞ്ചാറ് തീവ്രവാദികളുണ്ടെന്നായിരുന്നു ഒരു പൊലീസുകാരൻ പറഞ്ഞത്. എന്നാൽ താമസിയാതെ രണ്ട് തീവ്രവാദികളെയും അടുത്ത് കണ്ടു.
അജ്മൽ കസബ്, ഇസ്മായിൽ എന്നിവരായിരുന്നു അവരെന്ന് അറിഞ്ഞത് പിന്നീടായിരുന്നു. ചിത്രമെടുക്കുന്നതിനിടെ തീവ്രവാദികളിൽ ഒരാളെ പിന്തുടർന്ന് നിലത്തു ഒളിച്ചു കിടക്കുമ്പോൾ, മറ്റൊരു പൊലീസുകാരൻ നിലത്തു വീണ് പിടഞ്ഞതും കാണാനായി. പിന്നീട് സ്റ്റേഷന്റെ മറുവശത്ത് കൂടി തീവ്രവാദികൾ ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗത്ത് കൂടി കാമ ഹോസ്പിറ്റൽ ലക്ഷ്യമിട്ട് നടന്ന് പോകുകയായിരുന്നു.
പതിമൂന്ന് വർഷം തികയുമ്പോഴും അതിജീവനത്തിന്റെ നഗരത്തിലെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുകയാണ് ഇവരെല്ലാം പങ്ക് വയ്ക്കുന്ന അനുഭവങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.