ഇന്ത്യയുടെ അഭിമാനതാരമായി മനീഷ കല്യാണ്‍

മനൌസിലെ ആമസോണ്‍ സ്റ്റേഡിയത്തില്‍ ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഇന്ത്യ ബ്രസീലിനെ നേരിട്ടപ്പോള്‍ പിറന്നത് ചരിത്രമാണ്. മത്സരത്തില്‍ മാര്‍ത്തയുടെ ടീമിനോട് 6 – 1 ന് തോറ്റെങ്കിലും ഒരു ഗോള്‍ തിരിച്ചടിച്ച് ഇന്ത്യയുടെ പെണ്‍ കടുവകള്‍ മാനം കാത്തു. ഇന്ത്യയുടെ അഭിമാന ഗോള്‍ പിറന്നത് ഏഴാം മിനുട്ടില്‍ മനീഷ കല്യാണിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

എഎഫ്‌സി വിമന്‍സ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉസ്‌ബെക്കിസ്താന്‍ ക്ലബ്ബിനെതിരെ ഗോള്‍ നേടിയും ഈ ഇന്ത്യന്‍ താരം ചരിത്രം രചിച്ചിരുന്നു. 17 വയസുള്ളപ്പോള്‍ തന്നെ ഹോങ്കോംഗില്‍ നടന്ന സൌഹൃദ മത്സരത്തില്‍ മനീഷ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ ഗോകുലം കേരള എഫ്‌സിയുമായി കരാര്‍ ഒപ്പിട്ട മനീഷ 2018 – 19 സീസണില്‍ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.

ഗോകുലം കേരള എഫ് സി 2019-20 ലെ ഹീറോ ഇന്ത്യ വിമന്‍സ് ലീഗ് നേടിയപ്പോള്‍ മനീഷ പുറത്തെടുത്തത് മിന്നും പ്രകടനമാണ്. ടൂര്‍ണമെന്റിലെ എമര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡും മനീഷയെ തേടിയെത്തി. 2019 Afc അണ്ടര്‍ 19 വനിതാ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ മനീഷയുടെ കരിയറില്‍ വഴിത്തിരിവായി. പാകിസ്താനെ 18-0 ന് ഇന്ത്യ ഗോള്‍ മഴയില്‍ മുക്കിയ മത്സരത്തില്‍ ഹാട്രിക്ക് നേടിയ ഈ പഞ്ചാബുകാരി തായ്‌ലന്‍ഡിനെതിരായ ഇന്ത്യയുടെ ഒറ്റ ഗോള്‍ വിജയത്തിലും മിന്നും താരമായി.

നേപ്പാളില്‍ നടന്ന 2019 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയായിരുന്നു മനീഷ. ലയണല്‍ മെസിയെ ഏറെ ആരാധിക്കുന്ന മനീഷയുടെ റോള്‍ മോഡല്‍ സീനിയര്‍ ടീം ക്യാപ്ടന്‍ കൂടിയായ ആശാലതാദേവിയാണ്. ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള എമര്‍ജിങ് പ്ലെയര്‍ ആയി മനീഷ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയിലെ മുഗോവല്‍ ഗ്രാമക്കാരിയാണ് മനീഷ. 2022 ലെ എഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പാണ് ഈ സൂപ്പര്‍ താരത്തിന്റെ അടുത്ത പ്രധാന ടൂര്‍ണമെന്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News