കുട്ടികള്‍ക്കായുള്ള ‘വിദ്യാനിധി’ പദ്ധതി ഉദ്ഘാടനം നവംബര്‍ 29-ന്

കേരള ബാങ്ക് കുട്ടികള്‍ക്കായി ആവിഷ്‌ക്കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നവംബര്‍ 29-ന് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ.വി.എന്‍. വാസവന്‍, വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി. ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു, ഭക്ഷ്യ-സിവില്‍ സപ്‌സൈസ് മന്ത്രി ശ്രീ. ജി.ആര്‍. അനില്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ആവിഷ്‌ക്കരിച്ച പ്രത്യേക നിക്ഷേപപദ്ധതി ആണ് കേരള ബാങ്ക് വിദ്യാനിധി. 12 വയസ്സ് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സ്വന്തം പേരില്‍ ഈ അക്കൗണ്ട് ആരംഭിക്കാം. (7 മുതല്‍ 10 വരെ ക്ലാസിലെ കുട്ടികള്‍ക്ക്).
സമ്പാദ്യശീലം വളര്‍ത്തുന്നതോടൊപ്പം കുട്ടികളുടെ അത്യാവശ്യ പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചത്.

പദ്ധതിയില്‍ അംഗങ്ങള്‍ ആയ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകര്‍ത്താവിന് (മാതാവിന് മുന്‍ഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താന്‍ സാധിക്കുന്ന സ്‌പെഷ്യല്‍ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിന് പ്രത്യേക അനുവാദം നല്‍കുന്നതായിരിക്കും. 2 ലക്ഷം രൂപവരെയുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യവര്‍ഷത്തെ പ്രീമിയം ബാങ്ക് നല്‍കുന്നതാണ്.

വിദ്യാനിധി അക്കൗണ്ടില്‍ ചേരുന്ന കുട്ടികള്‍ക്ക് കേരള ബാങ്ക് നല്‍കുന്ന വിദ്യാഭ്യാസ വായ്പക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. SMS, ATM, DD, RTGS, NEFT, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ലഭിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യവും വിദ്യാനിധി അക്കൗണ്ടിനുണ്ട്.

രക്ഷകര്‍ത്താവിനുള്ള പ്രിവിലേജ് അക്കൗണ്ടിന് സാധാരണ SB അക്കൗണ്ടിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളോടൊപ്പം പ്രത്യേക ആനുകൂല്യങ്ങളും അനുവദിക്കുന്നതാണ്.

മിനിസ്റ്റേഴ്‌സ് ട്രോഫിക്കുള്ള ‘Be the number one’ ക്യാമ്പയിന്‍

കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ശാഖകള്‍, ഏരിയാ മാനേജര്‍മാര്‍, CPC, RO, HO യിലെ മുഴുവന്‍ ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിനാണ് ‘Be the number one’.

‘Be the number one’ പ്രധാന ലക്ഷ്യങ്ങള്‍

ജീവനക്കാരില്‍ ഉത്സാഹം സൃഷ്ടിച്ച് സേവനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക.
ബാങ്കിന്റെ ഭരണതലത്തിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും പ്രൊഫഷണലിസം കൊണ്ടു വരുക.
ബാങ്കിന്റെ ജനകീയതയും, സഹകരണ തന്മയത്വവും ഉയര്‍ത്തപ്പിടിക്കുക.
ബാങ്കിന്റെ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുക.
പൊതു ജനങ്ങളില്‍ കേരള ബാങ്കിനെ സംബന്ധിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുക.
കേരള ബാങ്കിനെ കേരളത്തിന്റെ ഒന്നാമത്തെ ബാങ്കായി ഉയര്‍ത്തുക.
ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍.
മത്സരം അവനവനോടുതന്നെ.
ഇന്നലത്തെതിലും മികച്ച പ്രവര്‍ത്തനം ഇന്ന് ….. ഇന്നത്തേതിലും മികച്ചത് നാളെ …..
മത്സരാനന്തരം എല്ലാവരും വിജയിക്കുന്നു.
ജീവനക്കാരുടെ ബൃഹത്തായ ഐക്യനിര കെട്ടിപ്പടുക്കുന്നു.
6000 ഓളം ജീവനക്കാരും ഭരണസമിതിയും ഒറ്റക്കെട്ടായി ….. ഒരു ലക്ഷ്യത്തിലേക്ക് ….. ജനങ്ങളിലേക്ക് …..
കാഴ്ചക്കാരാവാതെ മുഴുവന്‍ ജീവനക്കാരും പങ്കെടുക്കുന്ന മത്സരം.
ഒരേ സമയം എല്ലാവരും നയിക്കുകയും നയിക്കപ്പെടുകയും ചെയ്യുന്നു.

29-11-2021-ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ക്യാമ്പയിന്‍ 31-03-2022 വരെ തുടരുന്നതാണ്. 01-12-2021 മുതല്‍ 31-03-2022 വരെ കൈവരിക്കുന്ന നേട്ടമാണ് വിജയികളെ കണ്ടെത്താന്‍ പരിഗണിക്കുന്നത്.

ഈ കാലയളവില്‍ താഴെപറയുന്ന മേഖലകളില്‍ ശാഖകള്‍ / CPC / RO-കള്‍ കൈവരിക്കുന്ന ബിസിനസ്സ് നേട്ടങ്ങള്‍ കണക്കിലെടുത്താണ് വിജയികളെ നിശ്ചയിക്കുന്നത്.

അവാര്‍ഡിന് പരിഗണിക്കുന്ന വിവിധ മേഖലകള്‍
1. നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്
2. ബിസിനസ്സ് വളര്‍ച്ച (നിക്ഷേപം + വായ്പ)
3. നിക്ഷേപത്തിലുള്ള വര്‍ദ്ധന
4. CASA നിക്ഷേപത്തിലുള്ള വര്‍ദ്ധന
5. CASA നിക്ഷേപത്തിന്റെ എണ്ണത്തിലുള്ള വര്‍ദ്ധന
6. വായ്പാ വര്‍ദ്ധന
7. ഗോള്‍ഡ് ലോണിലുള്ള വര്‍ദ്ധന
8. ബാങ്കിന്റെ ഇമേജ് പൊതുജനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകള്‍ / വികസന പ്രവര്‍ത്തനങ്ങള്‍ (ജില്ലാ തലത്തില്‍)

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശാഖ / CPC / RO ക്ക് സംസ്ഥാനതലത്തില്‍ ‘Be the number one’ മിനിസ്റ്റേഴ്‌സ് ട്രോഫിക്ക് നല്‍കുന്നതാണ്. വിജയികള്‍ക്ക് താഴെപ്പറയും പ്രകാരം ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.
സംസ്ഥാനതലത്തില്‍ മികച്ച ജില്ലക്ക് – 3.00 ലക്ഷം രൂപ
സംസ്ഥാനതലത്തില്‍ മികച്ച ശാഖക്ക് – 2.00 ലക്ഷം രൂപ
ജില്ലാതലത്തില്‍ മികച്ച ശാഖക്ക് – 50,000 രൂപ

ടാര്‍ജറ്റ് നേടുക എന്നതിലുപരി ഹെഢാഫീസ് മുതല്‍ ശാഖാതലം വരെയുള്ള എല്ലാ മേഖലയിലും ഏറ്റവും മികച്ച പ്രവര്‍ത്തനവും പരമാവധി വിജയവുമാണ് ‘Be the number one’ ക്യാമ്പയിനിലൂടെ നേടി എടുക്കാന്‍ ഉദ്ദേശിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാനമായ കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ക്യാമ്പയിന്‍ വിജയകരമാക്കാന്‍ എല്ലാ ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാവണം. സഹകരണ ബാങ്കിംഗ് മേഖലയും കേരളവും ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത നാലു മാസം നീണ്ടുനില്‍ക്കുന്ന കേരളം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന അതിബൃഹത്തായ ഒരു പദ്ധതിയാണ് ബാങ്കും, ജീവനക്കാരും, ഭരണസമിതിയും എല്ലാവരും നമ്പര്‍ 1 ആകുന്ന ‘Be the number one’ ക്യാമ്പയിന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News