കാല്‍ നൂറ്റാണ്ട് മുന്നേ കവി പറഞ്ഞ ആ സ്വകാര്യം ഇപ്പോള്‍ ഓര്‍ക്കുന്നു; ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലാല്‍ ജോസ്

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്. കാല്‍ നൂറ്റാണ്ടു മുന്നേ ‘മഴയെത്തും മുന്‍പേ’ എന്ന ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ആയുസിനെക്കുറിച്ച് ബിച്ചു തിരുമല പറഞ്ഞ വാക്കുകളാണ് ലാല്‍ ജോസ് ഇപ്പേള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എഴുപത്തിയൊന്‍പത് വയസ്സ് പിന്നിട്ട ശേഷമേ താന്‍ മരിക്കൂ എന്ന് ബിച്ചു അന്ന് പറഞ്ഞതായി ലാല്‍ ജോസ് ഓര്‍മിക്കുന്നു.

‘കാല്‍ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുന്‍പേ യുടെ പാട്ട് ജോലികള്‍ക്കിടയിലെ ഒരു സായാഹ്ന വര്‍ത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാന്‍ ഞെട്ടി. നല്ല കവികള്‍ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓര്‍ക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നില്‍ പ്രണമിക്കുന്നു. ആദരാഞ്ജലികള്‍’, ലാല്‍ ജോസ് കുറിച്ചു.

അന്ന് ബിച്ചു തിരുമല പറഞ്ഞ വാക്കുകള്‍ കൃത്യമായതു പോലെ എണ്‍പതാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങുന്നത്. ഗാനരചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ സംഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here