ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച(നവംബർ 28) വരെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ഈ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്നും (നവംബർ 26) നാളെയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

നവംബർ 29, 30 തീയതികളിൽ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

ഈ ദിവസങ്ങളിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കളക്ടർ അറിയിച്ചു.

തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി നിലവിൽ കോമറിൻ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
തിങ്കളാഴ്ചയോടെ(നവംബർ 29)ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെട്ട് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News