എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കുര്‍ബ്ബാനക്രമ ഏകീകരണം സംബന്ധിച്ച സിറോ മലബാര്‍ സഭയിലെ തര്‍ക്കം മാര്‍പ്പാപ്പയെ ധരിപ്പിച്ചു. കുര്‍ബാന ഏകീകരണം സംബന്ധിച്ച അതിരൂപതയുടെ അപ്പീല്‍ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച.

കുര്‍ബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയ്ക്കകത്ത് ഭിന്നത രൂക്ഷമായിരിക്കെയാണ് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ആന്റണി കരിയിലിന്റെ മാര്‍പ്പാപ്പയുമായുളള നിര്‍ണ്ണായക കൂടിക്കാഴ്ച. ജനാഭിമുഖ കുര്‍ബ്ബാന നിലനിര്‍ത്തണമെന്ന അതിരൂപതയുടെ ആവശ്യം അദ്ദേഹം മാര്‍പ്പാപ്പയെ അറിയിച്ചു. കൂടാതെ മറ്റ് അഞ്ച് രൂപതകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ടെന്ന കാര്യവും മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം.

തൃക്കാക്കര മൈനര്‍ സെമിനാരി റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി നരികുളവും കരിയിലിനൊപ്പം ഉണ്ടായിരുന്നു. മാര്‍പ്പാപ്പയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിരൂപതാ നേതൃത്വം.ഈ വരുന്ന 28നാണ് സഭയില്‍ ഏകീകൃത കുര്‍ബ്ബാനക്രമം നടപ്പാക്കേണ്ടത്. എറണാകുളം സെന്റ്. മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി എകീകരിച്ച കുര്‍ബാന അര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

അന്നു തന്നെ വൈകീട്ട് 3ന് ഇതേ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന നടത്താനാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ അഡ്വക്കറ്റ് മത്തായി മുതിരേന്തി എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപത യിലെ വൈദികര്‍ നടത്തുന്ന പ്രതിഷേധത്തിന് വേണ്ടി ബസലിക്ക ദേവാലയം തുറന്നു കൊടുക്കരുത് എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജിയില്‍ ബസലിക്ക വികാരിക്കും സഹ വികാരിമാര്‍ക്കും കോടതി നോട്ടീസ് നല്‍കി. ഹര്‍ജി 27 ന് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here