‘ഒറ്റക്കമ്പി നാദ’ത്തിന് വിടചൊല്ലി മലയാളക്കര

മലയാളത്തിൻറ്‍റെ ആ ഒറ്റക്കമ്പി നാദം ഇനി ഓർമ്മകളിൽ. പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വൈകീട്ട് 4.30 ഓടെ ആയിരുന്നു ശാന്തികവാടത്തിൽ സംസ്കാരച്ചടങ്ങുകൾ നടന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മലയാള സിനിമാ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ്‌ ബിച്ചു തിരുമല. മലയാളത്തിലെ മികച്ച നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ സൃഷ്ടിച്ച മഹാനായിരുന്നു അദ്ദേഹം.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിരുന്നു. കൂടാതെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി-പി ഭാസ്കരൻ ഗാനസാഹിത്യ പുരസ്‌കാരം തുടങ്ങിയവയ്ക്കും അദ്ദേഹം അർഹനായിരുന്നു.

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു.

ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. സംഗീതാസ്വാദകരുടെ മനസുകളിൽ ആ തൂലിക മായാതെ നിൽക്കുമെന്നുള്ള കാര്യം തീർച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here