സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ മലപ്പുറം സെവൻസ്

മലപ്പുറത്തിന്റെ ഏഴുതാരങ്ങളാണ് ഇത്തവണ കേരള സന്തോഷ് ട്രോഫി ടീമിൽ ഉൾപ്പെട്ടത്. ഇതാദ്യമായാണ് മലപ്പുറത്ത് നിന്ന് ഇത്രമാത്രം താരങ്ങളുടെ പങ്കാളിത്തം.

അഞ്ചുതാരങ്ങളെ വരെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അതു ഏഴിലേക്കു നീണ്ടത് ജില്ലയിലെ ഫുട്ബോൾ ആരാധകർക്കു ആഹ്ലാദത്തിനു വക നൽകുന്നു. ഡിസംബർ ഒന്നിനാണ് കേരളത്തിന്റെ ആദ്യമത്സരം.

ആൻഡമാൻ, പോണ്ടിച്ചേരി, ലക്ഷദ്വീപ് ഉൾപ്പെട്ട ഗ്രൂപ്പിലാണ് കേരളം. കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലാണ് യോഗ്യതാ മത്സരം. കേരളത്തിന്റെ ടീം മാനേജരും മലപ്പുറത്തുകാരനാണ്. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എം. മുഹമ്മദ് സലീം.

അർജുൻ ജയരാജ്

മധ്യനിരയിൽ മഞ്ചേരി തൃക്കലങ്ങോട്ടുകാരൻ അർജുൻ ജയരാജ് അണിനിരക്കും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്.

മുഹമ്മദ് ആസിഫ്

ഊരകം വെങ്കുളം മരത്തമ്പള്ളി ഹൗസിലെ മുഹമ്മദ് ആസിഫ് കൊൽക്കത്ത ഭവാനിപൂർ എഫ്‌സിയുടെ പ്രതിരോധക്കാരനാണ്. ടീം ഐഎഫ്എ ഷീൽഡ് ചാമ്പ്യൻഷിപ്പ് കളിക്കുമ്പോഴാണ് മുഹമ്മദ് ആസിഫ് അതിൽ നിന്നു വിട്ടു സന്തോഷ് ട്രോഫി ക്യാമ്പിലെത്തുന്നത്.

ബുജൈർ

മധ്യനിരയിലാണ് ബുജൈറിന്റെ സ്ഥാനം. നിലവിൽ കേരളാ യൂണൈറ്റഡിന്റെ താരം. കഴിഞ്ഞ വർഷം കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചാമ്പ്യൻ ടീമംഗമായിരുന്നു. വാഴക്കാട്ടുകാരൻ.

സൽമാൻ

തിരൂർ മാങ്ങാട്ടാരി കള്ളിയത്ത് വീട്ടിലെ സൽമാൻ മധ്യനിരയിൽ കളിക്കും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിയുന്നത്. കഴിഞ്ഞ സീസൺവരെ ഗോകുലം എഫ്‌സി താരമായിരുന്നു.

ജെസിൻ

മമ്പാട് എംഎഇസ് കോളേജ് താരമായിരുന്ന ജെസിൻ സന്തോഷ് ട്രോഫിയിൽ മുൻനിരയിൽ കളിക്കും. ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ. നിലമ്പൂർ സ്വദേശി.

മുഹമ്മദ് ഷഫീഫ്

തിരൂർ കൂട്ടായി അരീസിന്റെപുരക്കൽ മുഹമ്മദ് ഷഫീഫിനെ പ്രതിരോധനിരയിൽ കാണാം. സന്തോഷ് ട്രോഫിയിൽ ഇതാദ്യം. നിലവിൽ തൃശൂർ പറപ്പൂർ എഫ്‌സിയുടെ താരമാണ്.

ഷിഗിൽ

വളാഞ്ചരി ഇരിമ്പിളിയം നമ്പ്രത്ത് വീട്ടിലെ ഷിഗിൽ ആണ് മറ്റൊരു താരം. ബംഗളൂരു എഫ്‌സി താരമായ ഷിഗിൽ മധ്യനിരയിൽ കളിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News