കൊവിഡിന്റെ പുതിയ വകഭേദം : ഒമിക്രോൺ

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോൺ എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഒമിക്രോൺ എന്ന് നാമധരണം ചെയ്യപ്പെട്ട B.1.1.529 എന്ന കൊറോണ വൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം.

ഒമിക്രോണിന്റെ ഉത്ഭവം ” ആശങ്കയുടെ വകഭേദം”എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ്.

ഈ മാസം ഒമ്പതിന് ശേഖരിച്ച സാമ്പിളിലാണ് വകഭേദം കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയതോടൊപ്പം തന്നെ വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറയുന്നു. ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

മുൻപ് കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളെക്കാളും ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകഭേദമാണ് ഒമിക്രോൺ. ഇത് തന്നെ ഒമിക്രോണിനെ ഏറ്റവും അപകടകാരിയായ വകഭേദമാക്കുന്നത്. സാധാരണ കൊവിഡ് വന്നു മാറിയവരിലും പുതിയ വകഭേദം പിടിപെടാൻ സാധ്യത ഏറെയാണ്.

മറ്റ് പല വകഭേദങ്ങളിലും കണ്ടത് പോലെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു. വാക്സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഇവർക്ക് അഭിപ്രായമുണ്ട്. വകഭേദത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അത് പങ്കുവെക്കുമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ കൊവിഡിൻറെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ തീരുമാനിക്കാൻ പ്രധാനമന്ത്രി യോഗം വിളിച്ചു. കൊവിഡിന്റെ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News