സഹകരണ സംഘങ്ങളെ തകർക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍

സഹകരണ സംഘങ്ങളെ തകർക്കാനുറച്ച് കേന്ദ്ര സർക്കാർ. സഹകരണ സ്ഥാപനങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ പദങ്ങൾ ഉപയോഗിക്കരുത് എന്ന് പ്രഖ്യാപിച്ച് ആർബിഐ പത്ര പരസ്യം നൽകി. സഹകരണ സ്ഥാപനങ്ങളിലെ ഇടപാടുകൾ പരിമിതപ്പെടുത്തുന്നതിന് ഒപ്പം നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്കിൻ്റെ പരിരക്ഷ ഉണ്ടാകില്ല എന്നും പരസ്യത്തിലൂടെ റിസർവ് ബാങ്ക് പറയുന്നു.

നാടിൻ്റെ നട്ടെല്ലാണ് സഹകരണ സംഘങ്ങൾ. ഈ സ്ഥാപനങ്ങളെ തകർക്കുന്നതിന് റിസർവ് ബാങ്കിനെ കൂട്ട് പിടിച്ച് ശ്രമം തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ പത്ര പരസ്യം പുറത്തിറക്കി.

സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്നീ പദങ്ങൾ ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആർബിഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്ന ഡി ഐ സി ജി സിയുടെ പരിരക്ഷ സഹകരണ സംഘങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ഉണ്ടാകില്ലെന്നും റിസർവ് ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്. 2020 സെപ്തംബർ 29ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേതഗതി നിയമ പ്രകാരം റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾക്ക് ബാങ്ക്, ബാങ്കർ എന്നീ വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ല.

ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിൻറെ കൂടെ ബാങ്കർ എന്ന് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യത്തിൽ പറയുന്നു. ഇത്തരം ബാങ്കുകൾക്ക് ബിആർ ആക്ട് 1949 പ്രകാരം ലൈസൻസ് നൽകിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആർബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ വ്യക്തമാക്കി.

15000 ലേറെ സഹകരണ സ്ഥാപനങ്ങൾ ഉള്ള കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആർബിഐ നയത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ എതിർപ്പുകൾ കോടതി വരെ എത്തിയിട്ടും കേന്ദ്രത്തിൻ്റെ താൽപര്യം സംരക്ഷിച്ച് മുന്നോട്ട് പോകുകയാണ് ആർബിഐ.

കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ അധികാരമേറ്റത് മുതൽ നടക്കുന്ന ശ്രമങ്ങൾ ലക്ഷ്യം കാണാതെ വന്നതോടെയാണ് ആർബിഐയെ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കം ബിജെപി നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News