‘ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ ലേഖനം പ്രസക്തം’; മുഖ്യമന്ത്രി പിണറായി വിജയന്‍

ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ ലേഖനം പ്രസക്തം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിൽ ഉയർന്ന വന്ന ഹലാൽ ഭക്ഷണവിവാദത്തെക്കുറിച്ച് മുഖ്യമന്ത്രി. ഹലാൽ ഭക്ഷണ വിവാദമുയർത്തിയ ശേഷം അതിന്റെ പൊള്ളത്തരം സംഘപരിവാറിന് തന്നെ മനസ്സിലായി.ജോൺ ബ്രിട്ടാസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാര്‍ലമെന്റില്‍ ഹലാല്‍ എന്നെഴുതിയ ഭക്ഷണമാണ് നല്‍കുന്നത് എന്നാണ് ജോണ്‍ ബ്രിട്ടാസ് എംപി  ചൂണ്ടിക്കാട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ട ഭക്ഷണമെന്നാണ് അര്‍ഥം.ഇത്തരം വിഷയങ്ങളിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതിനുള്ള ആരോപണങ്ങൾ ഉണ്ടാക്കുകയും ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയുമാണ് സംഘപരിവാർ എന്നും മുഖ്യമന്ത്രി.

“കേരളത്തില്‍ ഹലാലിനുമേല്‍ വിവാദം സൃഷ്ടിക്കുമ്പോഴും പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ അറിയുന്നുണ്ടാകില്ല.ഹലാല്‍ എന്നാല്‍ അനുവദിക്കപ്പെട്ട ഭക്ഷണമെന്നാണ് അര്‍ഥം”.ജോൺ ബ്രിട്ടാസിന്റെ ലേഖനത്തിലെ ഈ ഭാഗം മുഖ്യമന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു

‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നു,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്‌ലിം സമുദായത്തെ ഇന്ത്യയില്‍ നിന്ന് അകറ്റാനുള്ള ശ്രമം നടത്തി.

ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന് മുകളിലും സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഉരുളാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം പി യുടെ ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അന്തരിച്ച എ ബി വാജ്‌പേയി മാംസാഹാരത്തിന്റെ ആരാധകനായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉല്ലേഖ് എന്‍ പിയുടെ ‘അണ്‍ ടോള്‍ഡ് വാജ്‌പേയി’ എന്ന പുസ്തകത്തില്‍ ഇതു വിശദമായി പരാമര്‍ശിക്കുന്നുണ്ട്. വാജ്‌പേയിക്ക് പോത്തിറച്ചിയും വിസ്‌കിയും പ്രിയങ്കരമായിരുന്നുവെന്ന് ആ പുസ്തകത്തിന്റെ 148–ാം പേജില്‍ പറയുന്നു.
ഹിന്ദുത്വയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സവര്‍ക്കറെക്കുറിച്ച് അദ്ദേഹത്തിന്റെ ആരാധകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ വൈഭവ് പുരന്ധരെ എഴുതിയ പുസ്തകത്തില്‍, സവര്‍ക്കറുടെ ഭക്ഷണരീതികളെക്കുറിച്ച് പറയുന്നുണ്ട്.

പശുവിന് ദിവ്യത്വമൊന്നും കല്‍പ്പിക്കാന്‍ സവര്‍ക്കര്‍ തയ്യാറായില്ല. സവര്‍ക്കര്‍ ബീഫ് കഴിച്ചതായി രേഖയൊന്നുമില്ലെങ്കിലും അതു കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് വൈഭവ് പുരന്ധരെ സമര്‍ഥിച്ചിട്ടുണ്ട്. മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ അതു കഴിച്ചുകൊള്ളട്ടെയെന്ന നിലപാടായിരുന്നു സവര്‍ക്കറുടേതെന്നും പുരന്ധരെ കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്ലാമിക രാഷ്ട്രത്തിന്റെ പിതാവായ മുഹമ്മദാലി ജിന്നയുടെ ഭക്ഷണ-പാനീയ ശീലങ്ങളെക്കുറിച്ച് ഡൊമിനിക് ലാപിയറുടെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ജിന്ന മദ്യപിക്കുകയും പന്നിയിറച്ചി കഴിക്കുകയും എല്ലാ ദിവസവും താടി വടിക്കുകയും ചെയ്തിരുന്നെന്ന് ഗ്രന്ഥകര്‍ത്താവ് അടിവരയിട്ടു പറയുന്നു.
പഴമ തേടിപ്പോയാല്‍ ആചാരങ്ങളിലെ അപരിഷ്‌കൃതത്വവും യുക്തിരാഹിത്യവും ഫണം വിടര്‍ത്തിവരും.

ചരിത്രത്തില്‍ കുരിശുയുദ്ധങ്ങളും സമാനമായ സംഘര്‍ഷങ്ങളും ആവോളമുണ്ട്. തെറ്റുകളെ പിന്നോട്ടുതള്ളി ആരോഗ്യകരമായ മാതൃകകള്‍ സൃഷ്ടിച്ചു മുന്നോട്ടുപോകാനാണ് പരിഷ്‌കൃതസമൂഹം ശ്രദ്ധിക്കേണ്ടത്. ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും സുവര്‍ണാവസരങ്ങള്‍ തേടി എത്തുന്നവരോട് അത് കേരളത്തിന്റെ തീയില്‍ വേവില്ലെന്ന് ജനങ്ങള്‍ ഒന്നിച്ചുനിന്നു പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News