കൊവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകള്‍ മറികടന്ന് ; മന്ത്രി വി ശിവന്‍കുട്ടി

ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 6 മുതല്‍ 18 വരെയാണ് ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കൊവിഡ് മാനദണ്ഡപ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനായി.

അധ്യയനം നേരിട്ട് ലഭിക്കാത്ത കുട്ടികളാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടിയിരുന്നത്. ഫോക്കസ് ഏരിയ നിശ്ചയിച്ചു നല്‍കുകയും 200% ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യപ്പേപ്പര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ പോകുകയും പരീക്ഷയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടാകുകയും ചെയ്തു. സ്റ്റേ മാറിയതിനു ശേഷം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെ പരീക്ഷ നിശ്ചയിച്ചു . മഴ കനത്ത പശ്ചാത്തലത്തില്‍ പതിനെട്ടാം തീയതിയില്‍ നടത്താനിരുന്ന പരീക്ഷകള്‍ ഒക്ടോബര്‍ 26 ലേക്ക് മാറ്റി.

രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടന്നത്. ഒക്ടോബര്‍ 20 മുതല്‍ 27 വരെയും നവംബര്‍ 8 മുതല്‍ 12 വരെയും. ഈ മാസം 23ന് പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലം അന്തിമമാക്കുകയും 27ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊവിഡ്, മഴക്കെടുതി, നിയമ പോരാട്ടങ്ങള്‍ തുടങ്ങി പ്രതിസന്ധികള്‍ മറികടന്നാണ് പരീക്ഷ നടത്താനും ഫലം പ്രഖ്യാപിക്കാനുമായത്. ഇത് മികച്ച നേട്ടം ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പം പൊതു സമൂഹം ഒന്നാകെ അണിനിരന്നാണ് പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും മന്ത്രി വി ശിവന്‍കുട്ടി നന്ദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here