സാങ്കേതിക വിദ്യയിലൂടെ സാമൂഹിക നവീകരണം സാധ്യമാകണം: കെ കെ ശൈലജ

സാങ്കേതിക വിദ്യയുടെ ഉപയോഗവും വിനിമയവും സാമൂഹിക നവീകരണത്തിന് ലക്ഷ്യമാക്കിയുള്ളതാകണമെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അഭിപ്രായപെട്ടു. സാങ്കേതിക സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

‘സാങ്കേതിക വിദ്യയുടെ മനുഷ്യത്വപൂര്‍ണവും വിവേകപൂര്‍വവുമായ ഉപയോഗത്തിലൂടെ മാത്രമേ മികച്ച സമൂഹത്തെ സൃഷ്ടിക്കുവാനാകൂ. മാനവവിഭവശേഷി വേണ്ടുവോളമുള്ള നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്നും ദാരിദ്ര്യം നിലനില്‍ക്കുന്നു എന്നത് നാം ഗൗരവമായി കാണണം.

ശാസ്ത്രീയമായ അറിവുകളുടെ വികാസത്തിലൂടെ മാത്രമേ ഒരു ജനതയ്ക്ക് മുന്നേറുവാന്‍ കഴിയുകയുള്ളു. ആരോഗ്യരംഗത്തുള്‍പ്പെടെ വിവിധ മേഖലകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ അതിജീവിക്കുവാന്‍ ശാസ്ത്രീയ പഠനത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളു. കലാലയങ്ങളില്‍ നിന്ന് ആര്‍ജ്ജിക്കുന്ന അറിവുകളെ സാമൂഹിക വികസനത്തിനായി പ്രായോഗികമായി ഉപയോഗിക്കാനുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമുള്ളത്,’ ശൈലജ ടീച്ചര്‍ പറഞ്ഞു.

പുതിയ അറിവുകളും സാങ്കേതിക വിദ്യകളും ഗ്രാമീണ മേഖലകളിലെ ജീവിതങ്ങള്‍ക്ക് ഇപ്പോഴും സ്വായത്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസര സമത്വം ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ ജനാധിപത്യം അര്‍ത്ഥപൂര്‍ണമാവുകയുള്ളു.

മത്സരാധിഷ്ഠിത ലോകത്തും സ്വന്തം അഭിരുചികളെ പിന്തുടരുവാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ വഴികാട്ടികളാകാമെങ്കിലും അവര്‍ കാട്ടുന്ന വഴികളിലൂടെത്തന്നെ മക്കള്‍ നടക്കണമെന്ന് വാശിപിടിക്കരുത്. മറിച്ച്, സാങ്കേതികവിദ്യയുടെ അര്‍ത്ഥപൂര്‍ണ്ണമായ ഉപയോഗത്തിനായി അവര്‍ക്ക് ലക്ഷ്യബോധവും ദിശാബോധവും നല്‍കുക എന്നതാണ് പ്രധാനമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, ഡീന്‍ അക്കാദമിക് ഡോ. എ. സാദിഖ്, ഡോ. കെ. ഗോപകുമാര്‍, അരുണ്‍ അലക്‌സ് എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News