കർഷകർ പാർലമെൻ്റിലേക്ക് നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലി മാറ്റി വെച്ചു

കർഷകർ പാർലമെൻ്റിലേക്ക് നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലി മാറ്റി വെച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പാർലമെൻ്റിൽ കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് മാർച്ച് മാറ്റി വെച്ചത്. അതേസമയം ബാക്കിയുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അതിർത്തികളിൽ സമരം തുടരുമെന്നും സംയുക്ത കിസാൻ മോർച്ച സിംഘു അതിർത്തിയിൽ ചേർന്ന യോഗത്തിന് ശേഷം അറിയിച്ചു.

സംയുക്ത കിസാൻ മോർച്ച സമര സമിതിയുടെ ഒമ്പതംഗ കോർ കമ്മിറ്റിയാണ് സിംഘു അതിർത്തിയിൽ യോഗം ചേർന്നത്. കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്ന് കർഷക നിയമങ്ങൾ പിൻവലിക്കാൻ പാർലമെൻ്റിൽ ബിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് കർഷക സംഘടനകൾ യോഗം ചേരുന്നത്. സഭ സമ്മേളിക്കുന്ന ആദ്യ ദിനം തന്നെ ലോക്സഭയിൽ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച പാശ്ചാത്തലത്തിലാണ് പാർലമെൻ്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി സംയുക്ത കിസാൻ മോർച്ച മാറ്റി വെച്ചത്.

സഭ ചേരുന്ന തിങ്കളാഴ്ച മുതൽ പ്രതിദിനം അഞ്ഞൂറ് കർഷകരെ വീതം പങ്കെടുപ്പിച്ച് പാർലമെൻ്റിലേക്ക് ട്രാക്ടർ റാലി നടത്താൻ ആയിരുന്നു കർഷക സംഘടനകൾ തീരുമാനിച്ചിരുന്നത്.അതിർത്തികളിലെ സമരം തുടരാനും കോർക്കമ്മിറ്റി യോഗത്തിൽ ധാരണയായിട്ടുണ്ട്.

ആറ് ഇന ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും കത്ത് നൽകിയിട്ടും കർഷകരോട് ചർച്ച നടത്താൻ അധികാരികൾ തയ്യാറായിട്ടില്ല. അടുത്ത യോഗം ചേരുന്ന ഡിസംബർ 4ന് മുൻപ് പ്രശ്നങ്ങളിൽ ഏകപക്ഷീയ പ്രഖ്യാപനങ്ങൾ നടത്താതെ കർഷക സംഘടനകളുമായി ചർച്ച നടത്തിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും എന്നും സംയുക്ത കിസാൻ മോർച്ച മുന്നറിയിപ്പ് നൽകി.

കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതിന് ഒപ്പം വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കുക, മിനിമം താങ്ങുവിലയിൽ കാർഷിക ഉൽപന്നങ്ങൾ വിൽക്കാൻ നിയമ നിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ കർഷക സംഘടനകൾ മുന്നോട്ട് വെച്ചിരുന്നു.

ഇതിനൊപ്പം ലഖിംപൂർ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക ലഖിംപൂരിലും കർഷക സമരത്തിന് ഇടയിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും കർഷകർക്ക് ഉണ്ട്. പ്രധാനമന്ത്രിയും കൃഷി മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങൾ മുഖവിലയ്ക്ക് എടുക്കില്ലെന്ന് ഉറപ്പിച്ച കർഷകർ വിഷയങ്ങളിൽ ചർച്ച വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News