കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; പാർലമെന്റ് ഇത്രത്തോളം പരിശോധനക്ക് വിധേയമാകുന്നത് ചരിത്രത്തിലിതാദ്യമെന്ന് ജോൺ ബ്രിട്ടാസ് എംപി

പാർലമെന്റിന് മുന്നോടിയായുള്ള സർവ്വകക്ഷി യോഗത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പാർലമെന്റ് ഇത്രത്തോളം പരിശോധനക്ക് വിധേയമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജോൺ ബ്രിട്ടാസ് എംപി, കൊവിഡ് മൂന്നാം തരംഗം, വിലക്കയറ്റം, രാജ്യത്തെ സ്വത്തുക്കൾ വിറ്റഴിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണപക്ഷം ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷിക നിയമങ്ങൾ, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും, നിയമങ്ങൾ കർഷകർക്ക് മനസിലായില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദമെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം മറ്റൊരു രീതിയിൽ ഭാവിയിൽ നിയമങ്ങൾ കൊണ്ടവരാമെന്നുള്ള ആശങ്കയും പ്രകടിപ്പിച്ചു.

അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം വീതം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർവ്വകക്ഷി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്‌ ജോൺ ബ്രിട്ടാസ് എംപിയാണ്.

ചരിത്രത്തിൽ ആദ്യമായാണ് പാർലമെന്റ് ഇത്രത്തോളം പരിശോധനക്ക് വിധേയമാകുന്നതെന്നും പ്രതിപക്ഷത്തെ കേൾക്കാൻ ഭരണകക്ഷി തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ സഭ സമ്മേളനം നഷ്ടമായത് പെഗാസസ്, കാർഷിക നിയമം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർചർച്ചക്ക് തയ്യാറാകാത്തതിനാലെന്നും ചൂണ്ടിക്കാട്ടിയ ജോൺ ബ്രിട്ടാസ് എംപി സുപ്രീംകോടതി നിലപാടുകളും ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ വിമർശനങ്ങളും പരാമർശിച്ചു.

അതേസമയം സിപിഐഎം ആവശ്യപ്പെടുന്നത് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണം എന്നാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കൊവിഡ് മൂന്നാം തരംഗം, വിലക്കയറ്റം, രാജ്യത്തിന്റെ സ്വത്തുക്കൾ വിറ്റഴിക്കുന്നത്, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം, ത്രിപുരയിലെ ജനാധിപത്യ ധ്വംസനം ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. താങ്ങുവില നൽകുന്നതിന് കൃത്യമായ സംവിധാനം വേണമെന്നും
നിലവിൽ കേരളമാണ് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്നതെന്നും എംപി യോഗയത്തിൽ വ്യക്തമാക്കി. മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യണമെന്ന തമിഴ്‌നാട് ആവശ്യത്തോട് തമിഴ്‌നാടിന് വെള്ളം, കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ എന്നതാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ
വൈദ്യതി ഭേദഗതി ബിൽ ഉൾപ്പെടെയുള്ളവ പിൻവലിക്കുകയോ സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടുകയോ വേണമെന്നും പാർലമെന്റിൽ മധ്യമങ്ങൾക്കുള്ള നിയന്ത്രണം കുറയ്ക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News