ഡോ. ശ്രുതി കണ്ടെത്തി ചൂടേറ്റുണങ്ങാത്ത നെല്ലും ഗോതമ്പും; കുമരനെല്ലൂരിലെ ശാസ്ത്രജ്ഞയ്ക്ക് അമേരിക്കൻ ബഹുമതി; അഭിമാനം

കാലാവസ്ഥയൊന്ന് മാറിയാൽ കർഷകരുടെ മനസും മാറും. വെയിലിന് ചൂടുകൂടിയാലോ, കനത്ത മഴ നിർത്താതെ തുടർന്നാലോ കർഷകരുടെ ഉള്ളിൽ തീയാണ്. എന്നാൽ ഇതിനുള്ള പരിഹാരം കണ്ടെത്തി കേരളത്തിന് അഭിമാനവാവുകയാണ് ഒരു മിടുക്കി. കാലാവസ്ഥാ വ്യതിയാനവും ഉയർന്ന താപനിലയും വരൾച്ചയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന വിളകളെ വികസിപ്പിച്ച നേട്ടത്തിലാണ് കുമരനല്ലൂർ സ്വദേശിനി ഡോ. ശ്രുതി നാരായണൻ.

ആ നേട്ടത്തിനാകട്ടെ അമേരിക്കയിലെ യുവ ശാസ്ത്ര ഗവേഷകർക്കായുള്ള പരമോന്നത ബഹുമതിയായ ക്രോപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക (CSSA) യുടെ ഏർളി കരിയർ റിസർച്ചർ പുരസ്കാരം നേടിയെടുത്തു ശ്രുതി. ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത എന്ന ബഹുമതി കൂടിയാകുമ്പോൾ ഇരട്ടി മധുരം…

വയലേലകളുടെ പച്ചപ്പിൽ ജീവിക്കുന്ന പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിൽ നിന്ന് ലോകത്തിന് പ്രതീക്ഷ സമ്മാനിക്കുകയാണ് ഡോ. ശ്രുതി നാരായണൻ.കുമരനെല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് ശ്രുതി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നെ തൃശൂർ കാർഷിക സർവകലാശാലയിൽ നിന്ന് ഉപരിപഠനം. കുമരനെല്ലൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടു ജ്ഞാനപീഠ ജേതാക്കളെ സൃഷ്ടിച്ച വിദ്യാലയമാണ്. ആ പ്രതിഭാശാലികളുടെ പാത പിന്തുടർന്ന് ശ്രുതിയും കുമരനെല്ലൂരിന്റെയും കേരളത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്.

ശ്രുതിയുടെ ഗവേഷണം ഏറെ സമകാലിക പ്രാധാന്യമുള്ളതാണ്. കാലാവസ്ഥാ വ്യതിയാനവും ഉയർന്ന താപനിലയും വരൾച്ചയും ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമ്പോൾ അതിനെ അതിജീവിക്കാൻ കഴിയുന്ന വിളകളെ വികസിപ്പിച്ച നേട്ടത്തിനാണ് പുരസ്‌കാരം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്ന സസ്യങ്ങളുടെ ജീൻ കണ്ടെത്തി അവയെ സുസ്ഥിര കൃഷിക്കായി ഉപയോഗിക്കാനുള്ള മാർഗമാണ് ശ്രുതി ഗവേഷണത്തിലൂടെ വികസിപ്പിച്ചത്. ഇപ്പോൾ അമേരിക്കയിലെ ക്ലംസൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ശ്രുതി. സ്പീക്കർ എംബി രാജേഷ് ഉൾപ്പെടെ നിരവധിപ്പേരാണ് ശ്രുതിയ്ക്ക് ആശംസയറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here