പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കും

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കും. ബി ജെ പി എം പി മാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാവിലെ യോഗം ചേരും. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷയോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും.

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വര്‍ധനവ്, കര്‍ഷക സമരം, ലഖിംപൂര്‍, ചൈനയുടെ കടന്നുകയറ്റം അടക്കം ശൈത്യകാല സമ്മേളനത്തെ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങളേറെയുണ്ട്. എന്നാല്‍ സഭാസമ്മേളനത്തിന്റെ ആദ്യ ദിനം ശ്രദ്ധേയമാകുന്നത് പുതിയ കാര്‍ഷിക നിയമം ഔദ്യോഗികമായി റദ്ദാക്കാന്‍ ഉള്ള ബില്‍ അവതരണത്തിലൂടെയാകും.

നിയമം റദ്ദാകേണ്ടി വന്ന സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കും. ബില്‍ ചര്‍ച്ച ചെയ്ത് പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണത്തിനുള്ള ബില്‍ അടക്കം 26 ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പട്ടികജാതി-പട്ടിക വര്‍ഗ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഇതിനു പുറമെ എമിഗ്രേഷന്‍ ബില്‍, മെട്രോ റെയില്‍ ബില്‍, ഇന്ത്യന്‍ മാരിടൈം ഫിഷറീസ് ബില്‍, നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോഡ്രോപിക് സബ്സ്റ്റാന്‍സ് ബില്‍ എന്നിവയും സഭയില്‍ എത്തും. കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് ഇത്തവണയും ലോക്‌സഭയും രാജ്യസഭയും ചേരുന്നത്. ഡിസംബര്‍ 23 ന് സമ്മേളനം സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News