ഇന്നത്തെ പാർലമെന്റ് സമ്മേളനം പ്രധാനം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കും

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ ഒരു നിർണായക ദിനം കൂടിയാകുമിത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് അവതരിപ്പിക്കും. ഒരു വർഷംനീണ്ട കർഷക സമരത്തെ തുടർന്ന്‌ മൂന്ന്‌ കർഷകദ്രോഹ നിയമം മോദി സർക്കാരിന്‌ പിൻവലിക്കേണ്ടി വന്നത്‌ പ്രതിപക്ഷ കക്ഷികള്‍ക്ക് ആവേശം നല്‍കുന്നു. സഭയിലെ പ്രതിപക്ഷനീക്കങ്ങളിൽ ഇത്‌ പ്രതിഫലിക്കും.

പണപ്പെരുപ്പം, വിലക്കയറ്റം, ഇന്ധനവില വര്‍ധനവ്, കര്‍ഷക സമരം, ലഖിംപൂര്‍, ചൈനയുടെ കടന്നുകയറ്റം അടക്കം ശൈത്യകാല സമ്മേളനത്തെ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങളേറെയുണ്ട്. എന്നാല്‍ സഭാസമ്മേളനത്തിന്റെ ആദ്യ ദിനം ശ്രദ്ധേയമാകുന്നത് പുതിയ കാര്‍ഷിക നിയമം ഔദ്യോഗികമായി റദ്ദാക്കാന്‍ ഉള്ള ബില്‍ അവതരണത്തിലൂടെ തന്നെയാകും.

ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കാർഷിക നിയമങ്ങൾ, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് പാർലമെന്റ് ഇത്രത്തോളം പരിശോധനക്ക് വിധേയമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജോൺ ബ്രിട്ടാസ് എംപി, കൊവിഡ് മൂന്നാം തരംഗം, വിലക്കയറ്റം, രാജ്യത്തെ സ്വത്തുക്കൾ വിറ്റഴിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണപക്ഷം ചർച്ചക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സഭ സമ്മേളനം നഷ്ടമായത് പെഗാസസ്, കാർഷിക നിയമം എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാർചർച്ചക്ക് തയ്യാറാകാത്തതിനാലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിലപാടുകളും ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ വിമർശനങ്ങളും ജോൺ ബ്രിട്ടാസ് എംപി പരാമർശിച്ചിരുന്നു. സിപിഐഎം ആവശ്യപ്പെടുന്നത് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണം എന്നാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കൊവിഡ് മൂന്നാം തരംഗം, വിലക്കയറ്റം, രാജ്യത്തിന്റെ സ്വത്തുക്കൾ വിറ്റഴിക്കുന്നത്, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം, ത്രിപുരയിലെ ജനാധിപത്യ ധ്വംസനം ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതെ വിട്ടുനിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News