അടുത്ത ദിവസങ്ങളിലൊന്നും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയില്ലെന്ന് കണക്കുകൾ

അടുത്ത ദിവസങ്ങളിൽ ഒന്നും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയില്ലെന്ന് കണക്കുകൾ. എണ്ണയുടെ ചില്ലറ വില്പനവില നിശ്ചയിക്കുന്നതിലെ മാനദണ്ഡമാണ് രാജ്യത്ത് തിരിച്ചടിയാകുന്നത്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ നിലയിലാണ് തുടരുന്നത്.

കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൻ കൂടി എത്തിയതോടെ വെള്ളിയാഴ്ച മുതൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. നവംബർ 25 വരെ 80നും 82 ഡോളറിനും ഇടയിലായിരുന്നു ക്രൂഡോയിൽ വില. കഴിഞ്ഞ രണ്ട് ദിവസമായി ക്രൂഡോയിൽ വിലയിൽ ഉള്ള ഇടിവിൻ്റെ ഗുണഫലം പക്ഷേ ഇന്ത്യയിലെ ജനങ്ങൾക്ക് ഉടൻ ലഭിക്കില്ല. ഇന്ത്യയിൽ പെട്രോൾ ഡീസൽ വില നിർണയിക്കുന്ന മാനദണ്ഡങ്ങളാണ് ജനങ്ങൾക്ക് തിരിച്ചടിയാകുന്നത്. അന്താരാഷ്ട്രവിലയുടെ 15 ദിവസത്തെ ശരാശരിയനുസരിച്ചാണ് ആദ്യന്തര വിപണി വില നിശ്ചയിക്കുന്നത്. അത് കൊണ്ട് തന്നെ വെള്ളിയാഴ്ചയിലെ ഇടിവ് കഴിഞ്ഞ രണ്ടാഴ്ചയിലെ ശരാശരിയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.

അതിനാൽ നിരക്കിലെ ഇടിവ് കുറച്ച് ദിവസത്തേക്ക് കൂടി നില നിന്നാൽ മാത്രമേ ചില്ലറ വിൽപന വില കുറയൂ എന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ദിവസേന പെട്രോൾ, ഡീസൽ വില പുതുക്കാറുണ്ടെങ്കിലും ആഗോള വിലയുടെ 15 ദിവസ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കരണം.

ക്രൂഡ് ഓയിലിന് കുറയുന്ന വിലയുടെ ആനുകൂല്യം എണ്ണ കമ്പനികൾ ജനങ്ങൾക്ക് ലഭ്യമാക്കിയാൽ ലിറ്ററിന് രണ്ട് മുതൽ മൂന്ന് രൂപ വരെ കുറവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ 15 ദിവസ ശരാശരിക്ക് പുറമേ, ഡോളറിനെതിരെ രൂപയുടെ നിരക്ക് കുറഞ്ഞാലും ക്രൂഡ് ഓയിൽ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാവില്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നികുതി പെട്രോളിയം ഉൽപന്നങ്ങൾക്ക് ചുമത്തുന്ന രാജ്യം ഇന്ത്യയാണ്. നികുതിയുടെ ഘടനയും പൊതു വിപണിയിലെ ഇന്ധന ആവശ്യകതയും വില നിർണയ ഘടകങ്ങളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News