വീട്ടിൽ കുടംപുളിയുണ്ടോ? എങ്കിൽ തയ്യാറാക്കൂ കണവ കുടംപുളിയിട്ട് വറുത്തരച്ചത്; ഇതുണ്ടെങ്കിൽ ഊണ് കുശാൽ

അയല… മത്തി… ചൂര… കാരി… കണവ…കിളിമീന്‍… നത്തോലി ഇതിൽ പലർക്കും ഏറെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കണവ.കണവ ഉപയോഗിച്ച് വളരെ രുചികരമായ വിഭവങ്ങൾ നമുക്ക് നമുക്ക് തയാറാക്കാം. ക്രിസ്പി കണവ റിങ്‌സ്, കണവ വരട്ടിയത്, ചില്ലി കണവ അങ്ങനെ അങ്ങനെ നീളുന്നു കണവ വിഭവങ്ങൾ.. എന്നാൽ ഇന്ന് നമ്മൾ പരീക്ഷിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു നാടൻ കൂട്ടാണ്. നാടൻ എന്ന് പറയുമ്പോൾ അതിൽ ഒഴിച്ച് മാറ്റാൻ പറ്റാത്തതാണ് കുടംപുളിയിട്ട വിഭവങ്ങൾ… അങ്ങനെ കുടംപുളിയെ ഒഴിച്ചുനിർത്താതെ കണവയും കൂട്ടിയൊരു പിടിപിടിച്ചാലോ.

ചേരുവകൾ:

കണവ – ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
ഉപ്പു – 2 നുള്ള്
കുടംപുളി – രണ്ടോ മൂന്നോ കഷ്ണം പുളി അനുസരിച്ചു

തേങ്ങാ ചിരകിയത് – 1 കപ്പ്
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
മുളക് പൊടി – അര ടീസ്പൂൺ
പെരുംജീരകം പൊടി – അര ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ

ചെറിയ ഉള്ളി – 5 എണ്ണം അരിഞ്ഞത്
കടുക് – അര ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്നവിധം:

ഒരു മൺചട്ടിയിൽ അരിഞ്ഞു വച്ച കണവ കഷണങ്ങൾ ഇട്ടു അതിലേക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും രണ്ടു നുള്ളു ഉപ്പും അൽപ്പം വെള്ളവും ഒഴിച്ച് മൂടി വച്ച് മൂന്നോ നാലോ മിനിട്ടു വേവിച്ചു മാറ്റി വക്കുക. ഇതേസമയം കുടംപുളി നല്ല പോലെ കഴുകി അൽപ്പം വെള്ളത്തിൽ കുതിർത്തു വക്കണം. നല്ല വെള്ളത്തിൽ കുതിർത്തു വക്കുക. ഇവ വെള്ളത്തോടെ ആണ് പിന്നീടു കറിയിലക്ക് ചേർക്കുന്നത്.

ഇനി അടി കട്ടിയുള്ള ഒരു പാനിൽ തേങ്ങായും ബാക്കി മസാലപ്പൊടികളും നല്ല ഗോൾഡൻ നിറം ആവും വരെ ഡ്രൈ റോസ്റ്റ് ചെയ്തു എടുക്കുക. ചൂടാറിയ ശേഷം ഇതിൽ അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം. അരച്ച് വച്ച ഇ മിക്സ് മൺചട്ടിയിൽ വേവിച്ചു വച്ച കണവയോടൊപ്പം ചേർക്കാം. ആവശ്യമെങ്കിൽ കറിയുടെ കട്ടി അനുസരിച്ചു അൽപം വെള്ളം കൂടി ചേർക്കാവുന്നതാണ്. കറിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ഇടാം .ഇനി ഇത് തുറന്നു വച്ചു ഒരു മീഡിയം തീയിൽ തിളപ്പിക്കണം. ഇ സമയത്തു കുതിർക്കാൻ വച്ച കുടംപുളി ഇതിലേക്കു ചേർത്ത് കൊടുക്കാം.

കറി കുറുകി വരും വരെ തിളപ്പിക്കാം. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. തേങ്ങയുടെ പച്ചമണം മാറി കറി കുറുകി വരുമ്പോൾ ഇതിലേക്കു താളിച്ചു ചേർക്കാം. അതിനായ് നേരത്തെ തേങ്ങാ റോസ്റ്റ് ചെയ്ത അതെ പാൻ ഉപയോഗിക്കാം. അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും ചേർക്കുക. ഉള്ളി മൂത്തു വരുമ്പോ തീ ഓഫ് ചെയ്തു കറിയിലേക് താളിച്ചൊഴിക്കാം. താളിച്ചു ഒഴിച്ച ശേഷം കറി തിളപ്പിക്കേണ്ട കാര്യം ഇല്ല. തീ ഓഫ് ചെയ്തു അൽപ നേരം ചട്ടി മൂടി വക്കണം. താളിച്ചു ഒഴിച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞു അടപ്പു തുറന്നാൽ മതിയാകും. കറിയുടെ സ്വാദും മണവും ഇരട്ടിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here