പാർലമെൻ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങൾ; ഭരണഘടന,സഭാചട്ടങ്ങൾ ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരം; എളമരം കരീം എം പി

പാർലമെൻ്റിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന്സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. കാർഷിക ബില്ലിൻമേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ലോക്സഭയിലേത് പോലെ രാജ്യസഭയിലും ചർച്ച നിഷേധിച്ചു. നിയമം പിൻവലിക്കാൻ ഉള്ള ബില്ലിൻമേൽ ചർച്ച നടത്തിയ ചരിത്രം ഉണ്ടെന്നും അത് നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും എളമരം കരീം .

കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കാർഷിക നിയമത്തിൽ ചർച്ച വേണം എന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം നിരാകരിച്ചു. ത്രിപുരയിലെ അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി എളമരം കരീം നോട്ടീസ് നൽകിയിരുന്നു.

എന്നാൽ നോട്ടീസ് നൽകിയ നേതാക്കളുടെ പേര് പറഞ്ഞ് റൂൾ ഔട്ട് ചെയ്തു.സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. ബില്ലിൻ്റെ ലക്ഷ്യങ്ങൾ എന്ന രേഖയിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയതെന്നും ഈ പൊള്ളത്തരം തുറന്ന് കാട്ടാൻ ആണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

2020ൽ എങ്ങനെ ആണോ കർഷക നിയമങ്ങൾ പാസാക്കിയത് അതുപോലെ തന്നെ ചർച്ച നടത്താതെയാണ് പിൻവലിക്കാൻ ഉള്ള ബില്ലും അവതരിപ്പിച്ചത്. ഭരണഘടന, സഭാ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരമെന്നും ഈ സാഹചര്യത്തിൽ പ്രതിഷേധിക്കുക അല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ചെയർമാനും ഭരണ കക്ഷിയും ചേർന്ന് പ്രതിപക്ഷത്തെ ജനങ്ങൾക്ക് മുൻപിൽ മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here