അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഇടുക്കി മുൻ എസ് പി കെ.ബി വേണുഗോപാലിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇടുക്കി മുൻ എസ് പി കെ ബി വേണു ഗോപാലിനെ വിജിലൻസ് ചോദ്യം ചെയ്തു. വേണുഗോപാൽ 18 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന് വിജിലൻസിൻ്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. വേണുഗോപാലിൻ്റെ മൊഴി പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും വിളിക്കാനാണ് വിജിലൻസിൻ്റെ തീരുമാനം.

കെ ബി വേണുഗോപാൽ സർവ്വീസിലിരിക്കെ 2006 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലെ വരവ് സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.പ്രാഥമിക പരിശോധനയിൽ 18 ലക്ഷം രൂപ വരവിൽ കവിഞ്ഞ് സമ്പാദിച്ചതായും കണ്ടെത്തി. ഇക്കഴിഞ്ഞ നവംബർ 3ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ച ശേഷം വേണുഗോപാലിൻ്റെ കൊച്ചി കുണ്ടന്നൂരിലെ വീട്ടിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു.ബാങ്ക് അക്കൗണ്ട്, വാഹന, വസ്തു സംബന്ധിച്ചതുൾപ്പടെ 57 രേഖകൾ കണ്ടെടുത്തിരുന്നു.

കൂടാതെ വേണുഗോപാലിൻ്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനിടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ചപ്പോൾ മുക്ക് പണ്ടവും കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വേണുഗോപാലിനെ കൊച്ചി വിജിലൻസ് ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

രാവിലെ 11 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ 1 മണിയോടെ അവസാനിച്ചു. വേണുഗോപാലിൻ്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം പൊരുത്തക്കേടുണ്ടെന്ന് കണ്ടാൽ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസിൻ്റെ തീരുമാനം.വിജിലൻസിൻ്റെ എറണാകുളം സ്പെഷൽ സെൽ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News