പി സി ഒ ഡി യെ പേടിക്കണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോവരുത്

ആർത്തവത്തിലെ ക്രമമില്ലായ്​മ, ആർത്തവ സമയത്തുള്ള കൂടുതൽ രക്തസ്രാവം, വന്ധ്യത തുടങ്ങിയ ശാരീരിക അവസ്ഥകളുള്ള നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീ ശരീരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉണ്ടാവുന്ന രോഗാവസ്ഥയാണ് ഇതിന് പ്രധാന കാരണം. മുമ്പ്​ PCOD (Polycystic ovarian disease) എന്ന് അറിയപ്പെട്ടിരുന്ന ഈ അവസ്ഥ ഇപ്പോൾ PCOS (Polycystic ovarian syndrome) എന്ന പേരിലാണ് ചികിത്സാ ലോകത്ത് അറിയപ്പെടുന്നത്. PCOS പ്രധാനമായും കൗമാരം മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് കണ്ടുവരുന്നത്.

പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിൽ വരുന്ന വ്യതിയാനങ്ങളാണ് PCOS എന്ന അസുഖത്തിന് കാരണം. PCOS മൂലം ശരീരത്തിൽ ‘ഇൻസുലിൻ റെസിസ്​റ്റൻസ്’ എന്ന അവസ്ഥ ഉണ്ടാവുകയാണ് ചെയ്യുന്നത്.

PCOS ഉള്ള സ്ത്രീകളിൽ കൂടുതൽ വിശപ്പ് കാണാം. മധുരത്തിനോടും ചോറിനോടും പ്രത്യേക താൽപര്യം ഉണ്ടാകും. ഭക്ഷണം കഴിച്ചാൽ അതിനനുസരിച്ചുള്ള ഊർജം ശരീരത്തിൽ ഉൽപാദിപ്പിക്കുകയോ കാണുകയോ ഇല്ല. മേൽപറഞ്ഞ ഇൻസുലിൻ റെസിസ്​റ്റൻസ് ആണ് ഇതിനു കാരണം. ഇതുമൂലം കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായിമാറി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു.

അതിനാൽ ഈ അവസ്ഥയുള്ള പെൺകുട്ടികളിൽ ആർത്തവക്രമക്കേടുകൾ ഉണ്ടാവുന്നു. കൂടാതെ, പുരുഷ ഹോർമോണിന്റെ ഉൽപാദനം കാരണം മുഖത്തെ രോമവളർച്ച കൂടുന്നു.

മുടികൊഴിച്ചിലും പൊണ്ണത്തടിയും കുടവയറും ഉണ്ടാകും. തുടയിലും ബട്ടക്‌സിലും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടും. മുഖക്കുരു ഉണ്ടാവുകയും നിറം കുറയുകയും ചെയ്യും. കവിളുകളിലും കഴുത്തിന് പിറകിലും കറുപ്പു നിറം വരും. ശബ്​ദത്തിന് വ്യത്യാസം വന്ന് കനമുള്ള ശബ്​ദം ആവും.

പാരമ്പര്യമായും ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണവും ഈ അസുഖം കാണാറുണ്ട്. വ്യായാമമില്ലായ്മ, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, സമീകൃതാഹാരത്തിന്റെ കുറവ്, അമിതമായി ഗർഭനിരോധന ഗുളിക കഴിക്കുക, ജങ്ക് ഫുഡ്‌ കഴിക്കുക, ടെൻഷൻ ഇവയെല്ലാം ഈ രോഗാവസ്ഥക്ക്​ കാരണമായേക്കാം.

ഗോതമ്പ്, തവിടുള്ള അരി, ഫ്രൂട്ട്സ് എന്നിവയെല്ലാം കഴിക്കാം. എന്നാൽ ഫ്രൂട്സ് ജ്യൂസ് ആക്കി കഴിക്കുന്നത് ഒഴിവാക്കണം. ബേക്കറി ഉൽപന്നങ്ങൾ, packed foods, trans-fat, artificial sweetners അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ്. സാലഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക (കടല, പയർ വർഗങ്ങൾ, മുട്ടയുടെ വെള്ള, മീൻ, ഇറച്ചി, പരിപ്പ് എന്നിവ) Omega 3 fatty acid അടങ്ങിയിട്ടുള്ള ബദാം, walnut, അയല, ചൂര, മത്തി എന്നിവയൊക്കെ ഭക്ഷണത്തിൽ നന്നായി ഉൾപ്പെടുത്തുക. തൈര്, മോര് എന്നിവയും നല്ലതാണ്.

PCOS ഉള്ളവരിൽ വിറ്റമിൻ D കുറവായി കാണാറുണ്ട്. 11 മണി മുതൽ മൂന്നു വരെയുള്ള സമയത്തിനിടക്ക്​ 20 മിനിറ്റെങ്കിലും സൂര്യപ്രകാശം കൊള്ളാൻ ഇവർ ശ്രദ്ധിക്കണം. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറക്കം ശീലമാക്കുക. 40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യുക. ഇത്തരം കാര്യങ്ങളെല്ലാം ജീവിതശൈലിയിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ നമുക്ക് ഈ രോഗാവസ്ഥയെ നിയന്ത്രിക്കാം. ബ്ലഡ്‌ ടെസ്റ്റ്‌, ഫോളിക്കുലർ സ്​റ്റഡി, സ്കാനിങ് എന്നിവ നടത്തി അണ്ഡങ്ങളുടെ വളർച്ചയും വിസർജനം നടക്കുന്നുണ്ടോ എന്നുമൊക്കെ അറിയാൻ സാധിക്കും. നേരത്തേ തന്നെ നല്ലൊരു ഡോക്ടറെ കണ്ട്​ ശരിയായ ചികിത്സ തുടങ്ങിയാൽ PCOS ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്നു നമുക്ക് രക്ഷപ്പെടാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News