കൃത്യമായ ഡ്രെയിനേജ് സംവിധാനത്തോടെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണം പൂർത്തിയാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൃത്യമായ ഡ്രെയിനേജ് സംവിധാനത്തോടെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏകദേശം 20 കിലോമീറ്റർ നീളുന്ന റോഡ് നിർമാണം രണ്ട് ഭാഗങ്ങളായി പൂർത്തിയാക്കാനാണ് ശ്രമം.

പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും 2022 ഡിസംബറോടെ റോഡ് നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണ പ്രവർത്തികൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ റോഡുകളിലും പരിപാലന കാലാവധി ബോർഡുകൾ സ്ഥാപിക്കും. കരാറുകാരന്റെ പേര് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കും. കാലാവധി പൂർത്തിയാകുന്നതുവരെ പരിപാലനത്തിന്റെ പൂർണ ചുമതല കരാറുകാരനായിരിക്കും.

പരിപാലന കാലാവധി പ്രദർശിപ്പിക്കുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികളിലുൾപ്പെടെ ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ഇടപെടാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഴ സമയത്തും പൊതുമരാമത്ത് വകുപ്പിന് റോഡ് പണികൾ ചെയ്യുന്നതിനുള്ള സാധ്യത സംബന്ധിച്ച് പഠനം നടത്തുമെന്നും മഴ മാറിയാലുടൻ റോഡിലെ നിലവിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

റോഡുകളുടെ പ്രവർത്തി പരിശോധിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൊതുമാരമത്ത് വകുപ്പ് പരിപാലന വിഭാഗത്തിന്റെയും വിജിലൻസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ പരിശോധന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലും വിവിധ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News