ADVERTISEMENT
സംഘപരിവാര്‍ ആക്രമണം നേരിടുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് താന്‍ വരുന്നത് എന്നാണ് പ്രകാശ് രാജ് തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
”ഇരട്ടമുഖമുള്ള ഇന്ത്യയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഇവിടെ നട്ടെല്ലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി കൊമേഡിയന്‍മാരും ഒപ്പം ഭയപ്പെടുത്തുന്ന തരത്തില്‍ നട്ടെല്ലില്ലാത്ത കോമാളികളുമുണ്ട്” എന്നാണ് നടന്റെ ട്വീറ്റ്.
അതേസമയം, സംഘപരിവാര്‍ സംഘടനകളുടെ നിരന്തരമായ ഭീഷണികള്‍ക്ക് പിന്നാലെ സ്റ്റാന്‍ഡ് അപ് കോമഡി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് മുനവ്വര്‍ ഫാറൂഖി പ്രഖ്യാപിച്ചിരുന്നു. വിദ്വേഷം ജയിക്കുകയും കലാകാരന്‍ തോല്‍ക്കുകയും ചെയ്യ്തുവെന്നാണ് മുനവര്‍ പ്രതികരിച്ചത്. ബെംഗളൂരുവില്‍ നടത്തേണ്ടിയിരുന്ന പരിപാടി ഭീഷണിയെ തുടര്‍ന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് മുനവ്വര്‍ ഫാറൂഖിയുടെ പ്രതികരണം. ‘വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു. എനിക്കു മതിയായി. വിട’ മുനവ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 12 പരിപാടികളാണ് ഭീഷണി മൂലം മുനവ്വറി റദ്ദാക്കേണ്ടി വന്നത്.
മുനവ്വര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷോ റദ്ദാക്കണമെന്ന് പൊലീസ് സംഘാടകരോട് ആവശ്യപ്പെട്ടത്.
സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്‌സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം മുനവ്വറിനെ ജയിലിലടച്ചിരുന്നു. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ബജ്റംഗദളിന്റെ ഭീഷണിയെ തുടര്‍ന്ന് മുനവ്വറിന്റെ മുംബൈയിലെ പരിപാടി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.