മുസ്ലിം ലീഗ്‌ ജില്ലാ കമ്മറ്റി ‌ ഓഫീസിൽ സംഘർഷം

വയനാട്‌ മുസ്ലിം ലീഗ്‌ ജില്ലാ കമ്മറ്റി ‌ ഓഫീസിൽ സംഘർഷം. എം എസ്‌ എഫ്‌ മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി.പി. ഷൈജലിന് ലീഗ്‌ ഓഫീസിൽ മർദ്ദനമേറ്റു. ഹരിത വിഷയവുമായി ബന്ധപ്പെട്ട്‌ നേതൃത്വത്തെ പരസ്യമായി ഷൈജൽ വിമർശിച്ചിരുന്നു.ഇതേതുടർന്ന് ഷൈജലിനെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ്‌ സംഘർഷത്തിൽ കലാശിച്ചത്‌.

ലീഗ്‌ ജില്ലാക്കമ്മിറ്റി ഓഫീസിലാണ്‌ കൂട്ടത്തല്ലുണ്ടായത്‌. ഹരിത ഭാരവാഹികൾ ഉയർത്തിയ ലൈംഗികാധിക്ഷേപ പരാതിയിൽ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിനെ നേതൃത്വം സംരക്ഷിക്കുന്നതിനെതിരെ പരസ്യമായ നിലപാട്‌ സ്വീകരിച്ചയാളാണ്‌ പി പി ഷൈജൽ. ഇതേ തുടർന്ന് ഷൈജലിനെ പുറത്താക്കിയ ലീഗ്‌ നടപടി കടുത്ത ഭിന്നതക്ക്‌ കാരണമായിരുന്നു.

എം എസ്‌ എഫ്‌ പരിപാടികളിൽ മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ പി പി ഷൈജൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കങ്ങളാണ്‌ കയ്യേറ്റത്തിൽ കലാശിച്ചത്‌.

മർദ്ദനമേറ്റ ഷൈജൽ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ലീഗ്‌ ജില്ലാ സെക്രട്ടറി യഹ്യാഖാൻ,കൽപ്പറ്റ മണ്ഡലം പ്രസിഡന്റ്‌ ടി ഹംസ എന്നിവരാണ്‌ മർദ്ദിച്ചതെന്ന് ഷൈജൽ പറഞ്ഞു.

ഹരിത വിഷയത്തിൽ മാന്യമായ രാഷ്ട്രീയം പറഞ്ഞ തന്നെ ലീഗ് ജില്ലാ നേതൃത്യം പലതരത്തിൽ ദ്രോഹിക്കുകയാണ്. മുട്ടിൽ കോളേജിൽ വെച്ച് വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് ഒരു സംഘം തന്നെ മർദ്ദിച്ചിരുന്നതായും ഷൈജൽ പറഞ്ഞു.

ആരോപണം ലീഗ്‌ നേതൃത്വം നിഷേധിച്ചു. ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്‌ ഷൈജലിനെ ലീഗിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന കമ്മിറ്റിക്ക്‌ നിർദ്ദേശം നൽകിയതായും നേതൃത്വം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News