പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണം; സ്പീക്കർ എം.ബി രാജേഷ്

പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനവും ഭൂമിയുടെ താപനിലയുടെ സന്തുലിതയെ തകർക്കുന്നു. ഇതാണ് കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം.

ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമന അളവ് കുറച്ചു മാത്രമേ ഭൂമിയുടെ വർദ്ധിക്കുന്ന താപനില നിയന്ത്രിക്കാനാകു.തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി ഊരൂട്ടമ്പലം ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന വിദ്യാർത്ഥി ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല് സെഷനുകളിലായി വിദ്യാർത്ഥികളാൽ നിയന്ത്രിക്കുന്ന തരത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഉദ്ഘാടന സെഷനെ തുടർന്ന് ഊർജ്ജവും ഗതാഗതവും, മാലിന്യ നിർമ്മാർജ്ജനം, കൃഷി – വനം – മറ്റ് ഭൂവിനിയോഗ രീതികൾ എന്നീ സാങ്കേതിക സെഷനുകളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മേഖലയിലെ വിദഗ്ധരും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

മണ്ഡലത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും നിന്ന് തെരഞ്ഞെടുക്കപ്പെട്ട 140 വിദ്യാർത്ഥികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. കാർബൺ ന്യൂട്രൽ കാട്ടാക്കടയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിലെ സമാപന സെഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കാർബൺ ന്യൂട്രൽ എന്ന പരിസ്ഥിതി സംരക്ഷണത്തിൻ്റെ മഹത്തായ ഈ മാതൃക, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും ഏറ്റെടുത്ത് കേരളമൊട്ടാകെ നടപ്പിലാക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതി രൂപരേഖയുടെ പ്രകാശനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു.

കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ പ്രചരണ അവബോധ ഘട്ടത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീഡിയോ നിർമ്മാണ ക്യാമ്പയിനിൽ മികച്ച വീഡിയോ തയ്യാറാക്കിയ സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും കൃഷി മന്ത്രി നിർവ്വഹിച്ചു.

ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here