അഭിമാന നിമിഷം; ട്വിറ്ററിന്റെ സി.ഇ.ഒ ആയി ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ

ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാൾ നിയമിതനായി. 2017 മുതൽ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി (സി.ടി.ഒ) പ്രവർത്തിക്കുകയായിരുന്ന പരാഗിനെ ഡയറക്‌ടർ ബോർഡംഗമായും നിയമിച്ചു. 16 വർഷത്തെ സേവനത്തിന് ശേഷം കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ഡോർസി (45) പടിയിറങ്ങിയതോടെയാണ് പരാഗിനെ തേടി പുതിയ ദൗത്യമെത്തിയത്. മൈക്രോസോഫ്റ്റിന്റെ സത്യനാദെല്ലക്കും ഗൂഗിളിന്റെ സുന്ദർ പിച്ചൈക്കും അഡോബിയുടെ ശന്തനു നാരായണനും ശേഷം ഐടി ഭീമന്റെ തലപ്പത്തെത്തുന്ന മറ്റൊരു ഇന്ത്യക്കാരൻ കൂടിയാണ് പരാഗ് അഗ്രവാൾ.

പാട്രിക് പിഷെറ്റിന്റെ പിൻഗാമിയായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും (സി.ഒ.ഒ) പ്രസിഡന്റുമായ ബ്രെറ്റ് ടെയ്‌ലർ ട്വിറ്ററിന്റെ പുതിയ ചെയർമാനാകും. 2022ൽ കാലാവധി തീരുംവരെ ഡോ‌ർസി ഡയറക്‌ടർ ബോർഡംഗമായി തുടരും. പിഷെറ്റ് ഡയറക്‌‌ടർ ബോർഡംഗമായും ഓഡിറ്റ് കമ്മിറ്റി ചെയർമാനായും പ്രവർത്തിക്കും.

സി.ഇ.ഒ സ്ഥാനം ഒഴിയുന്നതായി ജാക്ക് ഡോർസി ട്വിറ്ററിലൂടെയാണ് ഇന്നലെ അറിയിച്ചത്. സ്ഥാപകരിൽ നിന്ന് വിട്ടുമാറി പുതിയ ഉയരങ്ങളിലേക്ക് മുന്നേറാൻ, മൈക്രോ ബ്ളോഗിംഗ് ആപ്ളിക്കേഷനായ ട്വിറ്ററിന് സമയമായെന്ന് അഭിപ്രായപ്പെട്ട ഡോർസി, 10 വർഷമായി ട്വിറ്ററിൽ ജോലി ചെയ്യുന്ന പരാഗിന്റെ കഴിവുകളെ പ്രശംസിക്കുകയും ചെയ്‌തു. ജാക്ക് ഡോർസിക്ക് ട്വിറ്ററിലൂടെ നന്ദിപറഞ്ഞ പരാഗ്, സി.ഇ.ഒയായി നിയമിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും കമ്പനിയെ കൂടുതൽ മികവുകളിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി.

ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്‌റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർ‌ത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്നു.2011ൽ ഒരു സോഫ്ട്‍വെയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ച് പത്തു വർഷങ്ങൾക്കിപ്പുറം അതേ കമ്പനിയുടെ സിഇഒ ആയി മാറുന്ന ഇന്ത്യൻ അത്ഭുതമാണ് പരാഗ് അഗ്രവാൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News