ബിജെപി ഭരിക്കുമ്പോൾ കൊമേഡിയന്മാര്‍ ചിരിയ്ക്ക് വലിയ വിലനല്‍കേണ്ടി വരുന്നുവെന്ന് സ്റ്റാൻഡ്അപ് കൊമേഡിയൻ കുനാൽ കമ്ര

ഓരോ വര്‍ഷവും കൊമേഡിയന്മാര്‍ ചിരിയ്ക്ക് വലിയ വിലനല്‍കേണ്ടി വരുന്നുവെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സംഘപരിവാര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ മുനവര്‍ ഫാറൂഖി തന്റെ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിലാണ് പ്രതികരണവുമായി കുനാല്‍ കമ്ര രംഗത്തെത്തിയത്.

തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗ്രതി സമിതിയുടെ ഭീഷണിയ്ക്ക് പിന്നാലെ ഫാറൂഖിയുടെ ബെഗളൂരുവിലെ പരിപാടി പൊലീസ് റദ്ദാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഫാറൂഖിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

”ഓരോ വര്‍ഷവും കൊമേഡിയന്മാര്‍ ചിരിയ്ക്ക് വലിയ വിലനല്‍കേണ്ടി വരുന്നു. അവരുടെ ആവേശത്തിനും സ്വാഭാവികതയ്ക്കുമാണ് അവര്‍ വില നല്‍കുന്നത്. ചില കൊമേഡിയന്മാര്‍ അവരുടെ വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് അഭിഭാഷകരെ കോമഡി പറഞ്ഞ്, വീഡിയോ കാണിച്ച് ബോധ്യപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാലഭേദങ്ങളില്ലാതെ ആഴത്തിലുള്ള ചിരിയ്ക്ക് പിഴ കൊടുക്കേണ്ടി വരുന്നു. അത് കുറ്റകരമായിത്തീരുന്നു,” കുനാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അര്‍ണബ് ഗോസാമിയ്ക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധിയെ കോമഡിയിലൂടെ വിമര്‍ശിച്ചത് കാരണം മുമ്പ് കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടുള്ളയാളാണ് കുനാല്‍ കമ്ര. മുനവര്‍ ഫാറൂഖിയുടെ പരിപാടികള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെട്ട വിഷയത്തില്‍ നടൻ പ്രകാശ് രാജ് ഉൾപ്പെടെ പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

2021 ജനുവരി മുതലായിരുന്നു മുനവര്‍ ഫാറൂഖിയ്ക്ക് നേരെ സംഘപരിവാറില്‍ നിന്നും പ്രത്യക്ഷമായ ആക്രമണങ്ങള്‍ വന്ന് തുടങ്ങിയത്. ഹിന്ദു ദൈവങ്ങളേയും ബി.ജെ.പി നേതാവ് അമിത് ഷായേയും അപമാനിച്ച് സംസാരിച്ചു എന്ന പരാതിയിന്മേല്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഇദ്ദേഹം തുടര്‍ച്ചയായി ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെ തന്റെ കോമഡി ഷോകളിലൂടെ ചോദ്യം ചെയ്തത് കാരണം സംഘപരിപരിവാറില്‍ നിന്നും ആക്രമണങ്ങളുണ്ടാകുകയും തന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കരിയര്‍ അവസാനിപ്പിക്കുന്നതായി ഫാറൂഖി പ്രഖ്യാപിച്ചത്.
രണ്ട് മാസത്തിനിടെ ഫാറൂഖിയുടെ 12 ഷോകളാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴിയായിരുന്നു ഫാറൂഖി കലാജീവിതം അവസാനിപ്പിച്ച കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News