അസഹനീയമായ തൊണ്ടവേദന നിങ്ങളെ അലട്ടാറുണ്ടോ? ഈ പൊടിക്കൈകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ..

തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളാണ്. പ്രത്യേകിച്ച് കൊവിഡിന്റെ ഭീതി നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ തൊണ്ടവേദന എല്ലാവരും ഭയക്കുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ടും കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്‌നം പലപ്പോഴും അസഹനീയമായ വേദനയാണ് നല്‍കുക.

എന്നാല്‍ തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ തേടാനോ ഒന്നും ആരും മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാല്‍ വേദന സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് പലരും ഇതിനു പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീര്‍ണ്ണമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്. അവ ഏതൊക്കെയെന്ന് അറിയണ്ടേ?

ഉപ്പുവെള്ളം വായില്‍ കൊള്ളുക

തൊണ്ടയില്‍ ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞാലുടന്‍ വീട്ടിലെ മുതിര്‍ന്നവര്‍ നല്‍കുന്ന ഒരു പ്രതിവിധിയുണ്ട് – ഉപ്പുവെള്ളം വായില്‍ കൊള്ളല്‍. പഴയ ആളുകളുടെ ഒരു കഴമ്പും ഇല്ലാത്ത കാര്യമാണെന്ന് കരുതി ഇത് തള്ളിക്കളയരുത്. തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ വേരോടെ പിഴുതുകളയാന്‍ ഇത്രയും ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. നിങ്ങള്‍ക്ക് പല തവണയായി വായില്‍കൊള്ളാന്‍ ആവശ്യമായ വെള്ളം ചൂടാക്കി എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. വായില്‍ കൊള്ളാന്‍ പാകത്തിന് ചൂട് മതി വെള്ളത്തിന്. ഇത് വായിലേയ്ക്ക് എടുത്ത് നന്നായി ഗാര്‍ഗ്ഗിള്‍ ചെയ്യുക. ദിവസം മൂന്ന് തവണയെങ്കിലും ഈ രീതി ആവര്‍ത്തിച്ചാല്‍ തൊണ്ടവേദന പമ്പ കടക്കും.

തേന്‍

തൊണ്ടയില്‍ പഴുപ്പുണ്ടാക്കുന്ന ബാക്റ്റീരിയകളുടെ വളര്‍ച്ചയെ തടയാന്‍ ശക്തിയുള്ള മറ്റൊരു പ്രതിവിധിയാണ് തേന്‍. തൊണ്ടവേദനയോ തൊണ്ടയില്‍ പഴുപ്പോ ഒക്കെ ഉള്ളവര്‍ തേന്‍ കഴിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. തേന്‍ മാത്രമായി കഴിക്കുന്നതിലും നല്ലത്, ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ തേനും അല്പം നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. നാരങ്ങാനീര് ചേര്‍ക്കാതെയും ഇത് കുടിച്ചാലും ഗുണങ്ങള്‍ ലഭിക്കും. തേന്‍ അതേപടി കഴിച്ചാല്‍ കഫ് സിറപ്പ് കഴിക്കുന്ന അതേ ഫലം ലഭിക്കും.

ഇഞ്ചി

തൊണ്ടവേദനയ്ക്ക് ഇഞ്ചി ഒരു മികച്ച പരിഹാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. തൊണ്ടവേദന ശമിപ്പിക്കാന്‍ ചുക്ക് കാപ്പിയോളം മികച്ച പ്രതിവിധി മറ്റൊന്നില്ല. കട്ടന്‍ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് തൊണ്ടവേദന ശമിപ്പിക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്നത് ഇഞ്ചിയുടെ ഔഷധ ഗുണങ്ങളാണ്. തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ പോരാടാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയല്‍ സവിശേഷതകള്‍ സഹായിക്കും.

ഗ്രാമ്പൂ

തൊണ്ടവേദനായകറ്റാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച മാര്‍ഗ്ഗമായാണ് ഗ്രാമ്പുവിന്റെ ഉപയോഗം. തൊണ്ടവേദയോ തൊണ്ടയില്‍ പഴുപ്പോ ഉള്ള സാഹചര്യങ്ങളില്‍ ഒന്നോ രണ്ടോ ഗ്രാമ്പു എടുത്ത് വായിലിട്ട് അലിയിച്ച് അതിന്റെ നീര് ഇറക്കുക. ശേഷം ഗ്രാമ്പുവും ചവച്ച് ഇറക്കുക. തൊണ്ടവേദനയ്ക്ക് ഉടനടി ആശ്വാസം ലഭിക്കും.

വെളുത്തുള്ളി

തൊണ്ടയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് തൊണ്ടവേദന അകറ്റാന്‍ വളരെയധികം സഹായകരമാണ്. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും.

കര്‍പ്പൂര തുളസി

തൊണ്ടവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു മികച്ച പ്രകൃതിദത്ത മാര്‍ഗ്ഗമാണ് കര്‍പ്പൂര തുളസി. വായില്‍ കൊള്ളാന്‍ ആവശ്യമായ വെള്ളം ചൂടാക്കിയെടുത്ത ശേഷം അതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരതുളസിയിലകള്‍ ഇടുക. ഈ വെള്ളം വായില്‍ കൊള്ളാന്‍ പാകത്തിന് തണുത്ത ശേഷം ഗാര്‍ഗ്ഗിള്‍ ചെയ്യുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാവുന്നതാണ്.

മഞ്ഞള്‍

തൊണ്ടയിലെ പ്രശ്‌നങ്ങള്‍ക്ക് മറ്റൊരു പരിഹാരം മഞ്ഞളിലുണ്ട്. തൊണ്ടയില്‍ ഉണ്ടാകുന്ന മുറിവിനും മറ്റ് രീതിയിലുള്ള അണുബാധയ്ക്കുമെല്ലാം മികച്ച പരിഹാരമാണിത്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും (അര സ്പൂണ്‍ വീതം) ചേര്‍ക്കുക. ഈ വെള്ളം വായില്‍ കൊള്ളുക. പാലില്‍ അല്പം മഞ്ഞള്‍ ചേര്‍ത്തതും വായില്‍ കൊള്ളാന്‍ ഉപയോഗിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News