ആര്‍ബിഐക്കെതിരെയുള്ള നിയമ പോരാട്ടം; നടപടികള്‍ ദ്രുതഗതിയിലാക്കി സഹകരണ വകുപ്പ്

സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍. ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ആശയ വിനിമയം നടത്തിയ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ സുപ്രീം കോടതിയിലെ നിയമവിദഗ്ദ്ധരുമായി ചര്‍ച്ച നടത്തുന്നതിനായി ഡല്‍ഹിക്ക് പോകും. പാര്‍ലമെന്റ് അംഗങ്ങളുമായും ആശയ വിനിമയം നടത്തും.

നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ കേരളത്തിന്റെ നിലപാട് അറിയിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തുന്നത്. സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലുമാരുമായി ചര്‍ച്ച നടത്തി കേരളത്തിന്റെ ഹര്‍ജി നല്‍കുന്നതിനുള്ള അഭിഭാഷകരെ തീരുമാനിക്കും.

അംഗത്വ സ്വഭാവത്തെ കുറിച്ച് നേരത്തെ തന്നെയുള്ള സുപ്രീം കോടതി വിധികളുടെ ലംഘനമാണ് ആര്‍ബിഐ നടത്തുന്നതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തും.

മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്പൊസിറ്റ് ഇന്‍ഷുറന്‍സ് ഗ്യാരന്റി കോര്‍പറേഷനില്‍ നിന്ന് സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപ പരിരക്ഷ നല്‍കാന്‍ നിയമമില്ലെന്നിരിക്കെ അത്തരമൊരു വിഷയം മുന്നറിയിപ്പ് പരസ്യത്തില്‍ പരാമര്‍ശിച്ചതും സുപ്രീം കോടതിയെ അറിയിക്കും. ആറര പതിറ്റാണ്ടായി ഉപയോഗിക്കുന്ന ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്ന പദം ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിപ്പിക്കുന്നതിനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും.

സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഹര്‍ജി നല്‍കുന്നതിനൊപ്പം ഏതെങ്കിലും സഹകരണ സംഘങ്ങളോ സഹകാരികളെ സംഘടനകളോ ഇതേ വിഷയത്തില്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ ആവശ്യമായ പിന്തുണ നല്‍കും.

നിയമോപദേശം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായമുണ്ടാകും. ഇതിനു പുറമെ ജില്ലാ തല സഹകരണ സംരക്ഷണ സമിതികള്‍ രൂപീകരിച്ചുള്ള പ്രക്ഷോഭ പ്രചാരണ പരിപാടികളും വിപുലമാക്കും. ജില്ലകളില്‍ മാത്രമല്ല താലൂക്ക് തലത്തിലും സഹകരണ സംഘം തലത്തിലും പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

പാക്സ് ( പിഎസിഎസ് ) അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പരിപാടികളുമായും സഹകരിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ വീടുവീടാന്തരം പ്രചാരണം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആര്‍ബിഐയുടെ വ്യാജപ്രചാരണത്തിന്റെ വസ്തുത ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here