കാട്ടുപോത്തിനെ വേട്ടയാടി കൊന്നു; ഡിജെ പാര്‍ട്ടികളില്‍ ലഹരി മരുന്നെത്തിച്ചു; സൈജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസ്

മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ അപകട മരണക്കേസില്‍ പ്രതിയായ സൈജുവിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ്. കാട്ടുപോത്തിനെ വേട്ടയാടി കൊന്നുവെന്ന് വ്യക്തമാക്കി സൈജു സുഹൃത്തിനയച്ച ഫോണ്‍ ചാറ്റ് കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. ഡി ജെ പാര്‍ട്ടികളില്‍ ലഹരി മരുന്ന് എത്തിയ്ക്കാന്‍ സൈജു ശ്രമിച്ചിരുന്നു.

എം ഡി എം എ ഉപയോഗിച്ച് പാര്‍ട്ടി നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.അതേ സമയം മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ട സൈജുവിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

സൈജു സുഹൃത്തുക്കളുമായി നടത്തിയ ഫോണ്‍ ചാറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മൂന്നാറില്‍വെച്ച് കാട്ടു പോത്തിനെ വേട്ടയാടി കൊന്ന് ക‍ഴിച്ചുവെന്നാണ് ഒരു സ്ത്രീയുമായി സൈജു നടത്തിയ ചാറ്റില്‍ പറയുന്നത്. ഇക്ക‍ഴിഞ്ഞ ജൂലൈ 26 ന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മറ്റൊരു സുഹൃത്തുമായി നടത്തിയ ചാറ്റില്‍ മാരാരിക്കുളത്ത് നടന്ന പാര്‍ട്ടിയില്‍ ലഹരി മരുന്ന് എത്തിയ്ക്കാമെന്ന് സൈജു പറയുന്നുണ്ട്.കൂടാതെ ഗോവ,കാക്കനാട്,കൊച്ചി ചിലവന്നൂര്‍ എന്നിവിടങ്ങളിലെ ഫ്ലാറ്റുകളില്‍ എം ഡി എം എ ഉപയോഗിച്ച് പാര്‍ട്ടി നടത്തുന്ന ദൃശ്യങ്ങള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

സൈജു ദുരുദ്ദേശത്തോടെയാണ് മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവരുടെ വാഹനത്തെ പിന്തുടര്‍ന്നതെന്നും സൈജു പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നുവെന്നും കസ്റ്റഡി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കോടതി മൂന്ന് ദിവസത്തേയ്ക്ക് കൂടി സൈജുവിന്‍റെ കസ്റ്റഡി നീട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News