ഗ്രാമീണ ജനതയെ ചേർത്ത് പിടിച്ച് ‘കേരളം’

ഗ്രാമീണ മേഖലയിലെ തൊഴിൽ രംഗത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളമെന്ന് പഠന റിപ്പോർട്ട്. കേരളത്തിന്റെ ശരാശരി വേതനം 677 രൂപയാണെന്നിരിക്കെ രാജ്യത്തെ ശരാശരി വേതനം 315 രൂപ മാത്രം. രാജ്യത്ത് ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് ബിജെപി ഭരിക്കുന്ന ഗുജറാത്തിലും യുപിയിലും

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് ഗ്രാമങ്ങളിൽ നിന്നുമാണെന്നും പറയുന്നവരുണ്ട്. ഈ അഭിപ്രായത്തോട് നീതി പുലർത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് റിസർവ് ബാങ്കിന്റേതായി പുറത്തുവരുന്നത്.

2020-21 വർഷത്തെ കണക്കുപ്രകാരം ഗ്രാമപ്രദേശങ്ങളിലെ കാർഷികേതര തൊഴിൽ മേഖലയിൽ ജോലിചെയ്യുന്ന ഒരു തൊഴിലാളിക്ക് കേരളത്തിൽ ലഭിക്കുന്ന പ്രതിദിന വേതനം ശരാശരി 677.6 രൂപയാണ്, ഇതേ മേഖലയിലെ ദേശീയ ശരാശരി വേതനം പരിശോധിക്കുമ്പോഴാണ് വ്യത്യാസം പ്രകടമാകുന്നത്. 315.3 രൂപയാണ് ദേശീയ ശരാശരി. വികസനത്തിന്റെയും വ്യവസായവത്കരണത്തിന്റേയും മകുടോദാഹരണമായി സംഘപരിവാർ വാഴ്ത്തിപ്പാടുന്ന ഗുജറാത്താണ് ഈ പട്ടികയിൽ ഏറ്റവും അവസാനം.

വെറും 239 രൂപ 3പൈസയാണ് ഗുജറാത്തിൽ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി പ്രതിദിന വേതനം. ഏറ്റവും വലിയ വ്യവസായ വത്കൃത സംസ്ഥാനമായ മഹാരാഷ്ട്രയിലെ പ്രതിദിന വേതനം 263 രൂപ 3 പൈസയും ഉത്തർപ്രദേശിലേത് 286.8 രൂപയുമാണ്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ജമ്മു കശ്മീരിൽ ഗ്രാമ മേഖലയിൽ പ്രതിദിന വേതനം 483 രൂപയും തമിഴ്നാട്ടിൽ 449.5 രൂപയുമാണ്.
രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ ഈ വരുമാനം ദേശീയ ശരാശരിക്കും താഴെയാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളി പ്രതിദിന വേതനം പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് ശരാശരി 706.5 രൂപയാണ്, രണ്ടാം സ്ഥാനത്തുള്ള ജമ്മുകശ്മീരിലെ തൊഴിലാളിക്ക് 501 രൂപയും തമിഴ്നാട്ടിലെ കർഷകതൊഴിലാളിക്ക് 432 രൂപ 2 പൈസയും ലഭിക്കുന്നു. ഈ മേഖലയിലെ ദേശീയ ശരാശരി 309 രൂപ 9 പൈസയാണ്. ഇവിടെയും ഗുജറാത്തിന്റെ സ്ഥാനമാണ് ശ്രദ്ധേയം,

213 രൂപ മാത്രമാണ് ഗുജറാത്തിൽ ഒരു കർഷകന് ലഭിക്കുന്ന പ്രതിദിന വരുമാനം. രാജ്യത്ത് കർഷർ നേരിടുന്ന വെല്ലുവിളിയുടെ ഭീകരത വെളിവാക്കുന്ന വസ്തുതയാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും തൊഴിലാളികളുടെ പ്രതിദിന ശരാശരി വരുമാനം സൂചിപ്പിക്കുന്നത്.

നിർമാണ മേഖല പരിശോധിച്ചാൽ കേരളം അവിടെയും ഒന്നാമതായി തുടരുന്നു, ഗ്രാമങ്ങളിലെ നിർമാണ മേഖലയിലെ ഒരു തൊഴിലാളിക്ക് പ്രതിദിനം ലഭിക്കുന്ന ശരാശരി വരുമാനം 829 രൂപ 7 പൈസയാണ്. ഇതിന്റെ ദേശീയ ശരാശരിയാകട്ടെ 362.2 പൈസയും, കേരളത്തിന്റെ സമസ്ത മേഖലകളിലും തൊഴിലാളികൾക്ക് അർഹമായ വേതനം തടസങ്ങളൊന്നും കൂടാതെ ലഭ്യമാകുന്നുണ്ട് എന്ന കണക്കാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നത്.

ദേശീയ ശരാശരിയിലും ഇരട്ടിക്ക് മുകളിൽ വേതനം ലഭ്യമാകുന്ന ഒരേ ഒരു സംസ്ഥാനമായ കേരളത്തിന്റെ അടിസ്ഥാന വികസനം ഗ്രാമങ്ങളിൽ നിന്നുമാണെന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകൾ, കേരളത്തോട് കേന്ദ്രം തുടരുന്ന പക്ഷപാതകാലത്തിനിടയിലും രാജ്യത്തെ സമസ്ത മേഖലയിലും മുന്നേറ്റം തീർക്കുകയാണ് കേരള മാതൃക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here