“കാണാൻ മെനയില്ല, മത്സരിച്ചാൽ തോൽക്കില്ലേ,” യൂത്ത്‌ കോൺഗ്രസ്‌ നേതാവായ ആദിവാസി യുവതിയെ വയനാട്‌ ഡി സി സി പ്രസിഡന്റ്‌ അപമാനിച്ചെന്ന് പരാതി

യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ പാര്‍ട്ടി യോഗത്തില്‍ അധിക്ഷേപിച്ചതായി പരാതി.

രാഹുല്‍ ഗാന്ധി എം.പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവമറിഞ്ഞിട്ടും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ‍ സംഭവം ഒതുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

സംഭവം തനിക്കേറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും, പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കുമെന്നും യുവതി കൈരളി ന്യൂസിനോട്‌ പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ നോമിനിയെന്ന രീതിയില്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തെത്തിയ അപ്പച്ചനെതിരെയുള്ള യുവ വനിത നേതാവിന്റെ പരാതി കോൺഗ്രസിൽ സജീവ ചർച്ചയായിക്കഴിഞ്ഞു

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ സീറ്റില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് യുവതിക്കെതിരെ ഡി.സി.സി അധ്യക്ഷന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതായി പരാതി.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിവാസി സമൂഹത്തെയും പരാതിക്കാരിയുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നാണ് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുള്ള പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വളരെ ഗുരുതരമായ അക്ഷേപം ഉയര്‍ത്തിയ ഡി.സി.സി അധ്യക്ഷനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും പരാതിക്കാരി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഉയര്‍ത്തിയിട്ടുണ്ട്. എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തുടങ്ങിയ നേതാക്കൾക്കും യുവതി പരാതി നൽകിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News