കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും; ഉന്നതതലയോഗത്തിൽ തീരുമാനം

അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം നടത്താന്‍ മന്ത്രിമാരുടെ ഉന്നതതല യോഗം തീരുമാനിച്ചു. അട്ടപ്പാടി സന്ദര്‍ശിച്ചശേഷം മന്ത്രി കെ. രാധാകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍.അനില്‍, വീണ ജോര്‍ജ്ജ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പീഡ‍ിയാട്രിക് ഐസിയുവിലും, കുട്ടികളുടേയും അമ്മമാരുടേയും പ്രത്യേക വിഭാഗത്തിലും‍ എല്ലാ സൗകര്യങ്ങളും സജ്ജമാക്കും. കോട്ടത്തറ ആശുപത്രിയടക്കം അട്ടപ്പാടി മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിസം. 4ന് രാവിലെ 10ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.

കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുന്നതിനായി പ്രത്യേക സംഘം കോട്ടത്തറ ആശുപത്രി സന്ദര്‍ശിച്ച് വിലയിരുത്തി. ഹൗസ് സര്‍ജ്ജന്മാരടക്കമുള്ള സംഘം ആശുപത്രിയില്‍ സേവനത്തിനെത്തും. ഇതിനിടെ കോട്ടത്തറ ആശുപത്രിയിലേയ്ക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് എത്തിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭക്ഷ്യവകുപ്പ് നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കള്‍ ഊരുകളിലെത്തിച്ചു നല്‍കാന്‍ സംവിധാനമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. അട്ടപ്പാടി നിവാസികളുടെ താല്‍പര്യത്തിനുസൃതമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കും.അട്ടപ്പാടിയുമായി ബന്ധപ്പെട്ട ട്രൈബല്‍ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി നല്‍കുമെന്ന് യോഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.അട്ടപ്പാടിയില്‍ മദ്യവര്‍ജ്ജനത്തിനായി എക്സൈസ് വകുപ്പ് പ്രത്യേക ബോധവത്കരണം നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

ആശാ പ്രവര്‍ത്തകര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍, വി.ഇ.ഒ.മാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലേയും പ്രവര്‍ത്തകരെ കോര്‍ത്തിണക്കി പദ്ധതി തയ്യാറാക്കി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. അട്ടപ്പാടിക്കാരെ സമയബന്ധിതമായി സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. അട്ടപ്പാടി സ്വദേശികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തദ്ദേശീയമായി വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഗൊബ്രഗഡേ, എസ്.ടി. ഡയറക്ടര്‍ ടി.വി. അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News