വഖഫ്‌ സ്വത്ത്‌ തിരിച്ചുനൽകണമെന്ന ട്രിബ്യൂണൽ ഉത്തരവ് പാലിക്കാതെ ലീഗ് ട്രസ്റ്റ്‌

വഖഫ്‌ സ്വത്ത്‌ തിരിച്ചുനൽകണമെന്ന ട്രിബ്യൂണൽ ഉത്തരവ് പാലിക്കാതെ ലീഗ് ട്രസ്റ്റ്‌.

ലീഗ്‌ നേതാവിന്റെ ബന്ധു ചെയർമാനായ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ സ്വകാര്യ ട്രസ്റ്റാണ് കോടികൾ വിലമതിക്കുന്ന സ്വത്ത്‌ ചുളുവിലയ്‌ക്ക്‌ തട്ടിയെടുത്തത്. കുറ്റിക്കാട്ടൂർ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന സ്വത്ത് കൈമാറ്റ വിവരങ്ങൾ പുറത്ത് വന്നു.

യത്തീംഖാനയും സ്‌കൂളും വനിതാ അറബിക്‌ കോളേജുമടക്കം കോടികൾ വിലമതിക്കുന്ന സ്വത്ത്, ലീഗ്‌ നേതാവിന്റെ ഭാര്യാസഹോദരനെ ചെയർമാനാക്കിയാണ് സ്വകാര്യ ലീഗ് ട്രസ്റ്റ്‌ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയത്.

മുൻ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികൾ വഖഫ്‌ ബോർഡ്‌ അംഗമായിരുന്ന ലീഗ് നേതാവുമായി ചേർന്ന്‌ 1999 ൽ സ്വത്തുക്കൾ യത്തീംഖാന കമ്മിറ്റിക്ക്‌ നൽകി. 87 ൽ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി 73,000 രൂപയ്ക്ക് വാങ്ങിയ ഭൂമി 50,00 രൂപയ്‌ക്കാണ്‌ ഇവർ സ്വന്തമാക്കിയത്‌. വഖഫ്‌ സ്വത്ത്‌ കൈമാറ്റം ചെയ്യുമ്പോൾ അതേ മൂല്യമുള്ള സ്വത്ത്‌ പകരം നൽകണമെന്ന 2013 വരെയുള്ള നിയമം ലംഘിച്ചായിരുന്നു നടപടി.

പുതിയ മഹല്ല്‌ കമ്മിറ്റി 2005ൽ ഭൂമി നൽകണമെന്നാവശ്യപ്പെട്ട്‌ വഖഫ്‌ ബോർഡിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 10 വർഷത്തോളം പരാതി നീട്ടിക്കൊണ്ടുപോയ യുഡിഎഫ്‌ നേതൃത്വത്തിലുള്ള വഖഫ്‌ ബോർഡ്‌ 2015ൽ ട്രസ്റ്റിന്‌ അനുകൂലമായി ഉത്തരവിറക്കി. ഇതിനെതിരെ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വഖഫ്‌ ട്രിബ്യൂണലിനെ സമീപിച്ചു. സ്വകാര്യ ട്രസ്റ്റായി യത്തീംഖാന കമ്മിറ്റി രൂപീകരിച്ചത്‌ നിയമവിധേയമല്ലെന്ന് ട്രിബ്യൂണൽ കണ്ടെത്തി.

വഖഫ്‌ സ്വത്ത്‌ കൈമാറിയത് ശരിവെച്ച ഉത്തരവ്‌ തെറ്റാണെന്നും ,സ്വത്ത്‌ മഹല്ല്‌ കമ്മിറ്റിക്ക്‌ കൈമാറണമെന്നും വിധിച്ചു. ഇതിനെതിരെ ട്രസ്റ്റ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. വഖഫ്‌ സ്വത്തുക്കൾ തിരികെ ലഭിക്കുംവരെ നിയമ പോരാട്ടം തുടരാനാണ് പുതിയ കമ്മിറ്റിയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News