സഹകരണ കെയർഹോമിന് തൃശൂരിൽ തുടക്കം; താക്കോല്‍ ദാനം ഡിസംബര്‍ 6-ന് മുഖ്യമന്ത്രി നിർവഹിക്കും

സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. 40 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യം ഒരുങ്ങിയിരിക്കുന്നത്. ഡിംസബര്‍ ആറ് തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാറ്റുകളുടെ താക്കോല്‍ കൈമാറും. തൃശ്ശൂര്‍ പഴയന്നൂര്‍ പഞ്ചായത്തിലാണ് ഫ്‌ളാറ്റുകള്‍ പൂര്‍ത്തിയായത്. ആദ്യ ഘട്ടം കെയര്‍ ഹോം പദ്ധതിയുടെ വിജയത്തിന് ശേഷമാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട ഭവന നിര്‍മ്മാണ പദ്ധതി ആരംഭിച്ചത്.

പഴയന്നൂര്‍ പഞ്ചായത്ത് പദ്ധതിയുമായി സഹകരിക്കുകയും ഒരേക്കര്‍ ആറ് സെന്റ് സ്ഥലം കൈമാറുകയും ചെയ്തു. 2018, 2019 കാലത്തെ പ്രളയത്തിന്റെ ഭാഗമായി വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനഃരധിവാസത്തിന്റെ ഭാഗമായാണ് കെയര്‍ ഹോമിന്റെ പഴയന്നൂര്‍ പദ്ധതി ആരംഭിച്ചത്. അപ്ര.തീക്ഷിതമായ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് കൈമാറ്റം വൈകിയത്. ബഹു. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൈമാറ്റം നടത്തനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് അവസാന ഘട്ടത്തിലെ മിനുക്കുപണികള്‍ വൈകി.

സംസ്ഥാന സഹകരണ വകുപ്പ് കെയര്‍ കേരള കോ ഓപ്പറേറ്റീവ് അലയന്‍സ് ടു റീ ബില്‍ഡ് കേരള എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കെയര്‍ ഹോം, കെയര്‍ ലോണ്‍, കെയര്‍ ഗ്രെയ്‌സ് എന്നിങ്ങനെയുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചത്. ഇതില്‍ കെയര്‍ ഹോം പദ്ധതിയില്‍ സമ്പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടലവരുടെ പുനരധിവാസമാണ് ലക്ഷ്യമിട്ടത്.

രണ്ടാം ഘട്ടത്തില്‍ 14 ജില്ലകളിലും ലൈഫ് മിഷന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിലെ ആദ്യ നിര്‍മ്മാണമാണ് പഴയന്നൂരില്‍ കൈമാറ്റം ചെയ്യുന്ന ഘട്ടത്തില്‍ എത്തിയത്. സഹകരണ സംഘങ്ങളുടെ അംഗങ്ങള്‍ക്കു നല്‍കേണ്ട ലാഭവിഹിതം പൊതുയോഗത്തിന്റെ അനുമതിയോടെ പദ്ധതിയിലേയ്ക്ക് മാറ്റിയാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള വിഭവ സമാഹരണം നടത്തിയത്. 55,83,14,385 രൂപയാണ് ഭവന നിര്‍മ്മാണത്തിനായി സഹകരണ സംഘങ്ങള്‍ സംഭാവനയായി നല്‍കിയത്.

2020 ജൂലൈ 16ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍ഹിച്ചത്. ഇരു നിലകളിലായി നാല് വീടുകളുള്ള പത്ത് ബ്ലോക്കുകളാണ് പഴയന്നൂരില്‍ നിര്‍മ്മിച്ചത്. തൃശ്ശൂര്‍ നിര്‍മ്മിതി കേന്ദ്രയാണ് 3.72 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ അനുമതിയോടെ 91 ലക്ഷം രൂപയുടെ അധിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി.

ഓരോ വീടിനും 432 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്. വരാന്ത, സ്വീകരണ മുറി, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ വീടിനും പ്രത്യേകം വാട്ടര്‍ ടാങ്കുകളും തയ്യാറാക്കിയിട്ടുണ്ട്. പൊതുവായുള്ള ലൈറ്റഡ് യാര്‍ഡ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ജിംനേഷ്യം, ലൈബ്രറി ഹാള്‍, പൂന്തോട്ടം, അഷ്ടദള ആകൃതിയിലെ വിശ്രമ കേന്ദ്രം എന്നിവ അധിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചിട്ടുണ്ട്.

പത്ത് ബ്ലോക്കുകള്‍ക്കും കേരളത്തിലെ പത്ത് നദികളുടെ പേരാണ് നല്‍കിയിട്ടുള്ളത്. തേജസ്വിനി, പമ്പ, കബനി, അച്ചന്‍കോവില്‍, നെയ്യാര്‍, ഭവാനി, പെരിയാര്‍, മണിമല, ചന്ദ്രഗിരി, നിള എന്നിങ്ങനെയാണ് കെട്ടിട സമുച്ചയങ്ങളുടെ പേരുകള്‍. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ 21 ന് നറുക്കെടുപ്പ് നടത്തി.

പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജില്ലാ കളക്ടറുടെ പ്രതിനിധിയായി എഡിഎമ്മും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തായിരുന്നു നറുക്കെടുപ്പ്. ജില്ലാ കളക്ടര്‍ നല്‍കിയ പ്രളയത്തില്‍ വീട് നഷ്ടപ്പട്ട അഞ്ച് കുടുംബങ്ങളുടെയും പഴയന്നൂര്‍ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി നല്‍കിയ 35 കുടുംബങ്ങളുടെയും ഇതിനു പുറമെ നല്‍കിയ നാലു പേരുടെയും പേരുകള്‍ നറുക്കിട്ടാണ് 40 ഗുണഭോക്താക്കളെ കണ്ടെത്തിയത്.

ശാരീരിക വൈകല്യവും അസുഖവും മൂലം പടികയറാന്‍ കഴിയാത്ത ആറ് പേര്‍ക്ക് ആദ്യ നറുക്കെടുപ്പിലൂടെ താഴത്തെ നിലകള്‍ ആദ്യം കണ്ടെത്തി. പിന്നാലെയാണ് 34 പേരുടെ നറുക്കെടുപ്പ് നടന്നത്. ഡിസംബര്‍ ആറിന് വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സഹകരണ മന്ത്രി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News