ജഡ്ജിമാരുടെ നിയമനം; കേന്ദ്രത്തിന് നേരെ വീണ്ടും ചോദ്യമുന്നയിച്ച് ജോൺ ബ്രിട്ടാസ് എം പി

ജഡ്ജിമാരുടെ നിയമനത്തിൽ കേന്ദ്രത്തിന് നേരെ വീണ്ടും ചോദ്യമുന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി. സുപ്രീം കോടതിയിൽ 9 ജഡ്ജിമാരുടെ ഒഴിവുകളും രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള 118 ജഡ്ജിമാരുടെയും ഒഴിവുകൾ നികത്തിയതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രാജ്യ സഭയിൽ മറുപടി നൽകി. വർഷകാല സമ്മേളന കാലയളവിൽ ഇതേ വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യം വഴിയാണ് ജുഡീഷ്യറി ഒഴിവുകൾ നികത്തുന്നതിൽ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ പുറത്ത് വന്നത്.

വർഷകാല സമ്മേളന കാലത്ത് നക്ഷത്രചിഹ്നമിട്ട രണ്ടാമത്തെ ചോദ്യമായാണ് രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചും ഒഴിവുകൾ കുറിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് സഭയിൽ ചോദിച്ചത്. എന്നാല് കൊളീജിയം റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഭൂരിഭാഗം ഒഴിവുകളും നികത്തുന്നതിൽ വലിയ അനാസ്ഥയാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതേ തുടർന്ന് സുപ്രീം കോടതി വരെ വിഷയത്തിൽ ഇടപെട്ടു. രൂക്ഷ വിമർശനത്തോടെയാണ് കൊളീജിയം റിപ്പോർട്ട് ചെയ്ത ഒഴിവുകൾ നികത്താൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഉത്തരവ് നൽകിയത്.

ശീതകാല സമ്മേളനത്തിൽ രാജ്യത്തെ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഉള്ള ഒഴിവുകളെ കുറിച്ച് ജോൺ ബ്രിട്ടാസ് എംപി ചോദ്യം ഉന്നയിച്ചു. ഇതിന് മറുപടിയായി ആണ് ഒഴിവുകൾ നികത്തിയ കണക്ക് കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു പാർലമെൻറിൽ അറിയിച്ചത്. രാജ്യത്തെ കോടതികളിലെ ജഡ്ജിമാരുടെ ഒഴിവ് നികത്താനുള്ള ശ്രമങ്ങൾ തുടരുന്നതായി കിരൺ റിജിജു രാജ്യ സഭയിൽ അറിയിച്ചു.

സുപ്രീം കോടതിയിൽ 9 ജഡ്ജിമാരെയും വിവിധ ഹൈക്കോടതിയികളിലായി 118 ജഡ്ജിമാരെയും ഈ വർഷം നവംബർ 29 വരെ നിയമിച്ചിട്ടുണ്ട്. സുപ്രീം കോടതി കൊളീജിയം നിർദ്ദേശിച്ച പേരുകളാണ് ഒഴിവുകൾ നികത്താൻ പരിഗണിച്ചത് എന്നും കേന്ദ്ര സര്‍ക്കാര്‍ സഭയിൽ വ്യക്തമാക്കി. ഇക്കാലയളവിൽ ഹൈക്കോടതി കൊളീജിയം നിർദ്ദേശിച്ചത് 164 പേരുകളാണ്. ഇതിൽ 55 പേരുകൾ സുപ്രീം കോടതി കൊളീജിയം നിർദ്ദേശ പ്രകാരം തിരിച്ചയച്ചതായി കേന്ദ്ര സര്‍ക്കാര്‍ നൽകിയ മറുപടിയിൽ പറയുന്നു.

ജുഡീഷ്യറിയിലെ ഒഴിവുകൾ നികത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാ തലത്തിൽ നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടത് ഉണ്ടെന്നും ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കിരൺ റിജിജു രാജ്യസഭയിൽ മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News