രാത്രിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കരുതെന്ന് തമിഴ്‌നാടിനോട് നിര്‍ദേശിക്കണം: പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രി വൈകി ജലം തുറന്നു വിടുന്നത് അവസാനിപ്പിക്കണമെന്ന് തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നല്‍കി.

രാത്രി കാലങ്ങളില്‍ അണക്കെട്ട് തുറന്നു വിടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത വെള്ളപ്പൊക്കം പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും എംപിമാര്‍ കത്തില്‍ ചുണ്ടിക്കാട്ടി. ഇന്നലെ പുലര്‍ച്ചെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു എംപിമാരുടെ അടിയന്തര ഇടപെടല്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ളതാണ്. എന്നാല്‍ 2018ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പ്രത്യേക സഹാചര്യം കണക്കിലെടുത്ത് ഇത് 139 അടിയായി കുറയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. അടുത്തിടെ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും 142 അടിയിലേക്ക് ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് അടുത്തിടെയായി തുടര്‍ച്ചയായി അണക്കെട്ട് തുറന്ന് ജലം പുറത്തേക്ക് വിടേണ്ട സാഹചര്യമാണ്. രണ്ടു മാസത്തിനുള്ളില്‍ ഇതു നാലാം തവണയാണ് രാത്രി വൈകിയും പുലര്‍ച്ചെയുമായി മതിയായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിടുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ കനത്ത ആശങ്കയോടെയാണ് ജീവതം തള്ളിനീക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര സാഹചര്യം പരിഗണിച്ച് മതിയായ മുന്നറിയിപ്പ് നല്‍കാതെ ജലം തുറന്നു വിടരുതെന്ന് പ്രധാനമന്ത്രി തമിഴ്‌നാട് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ ജലം തുറന്നു വിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കണം. 139/ 142 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പകല്‍ സമയത്ത് വെള്ളം തുറന്നുവിടാനുള്ള നടപടികള്‍ സ്വീകരിക്കണം.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഇതു സഹായകമാകും. നിലവിലുള്ള അണക്കെട്ടിന് പകരം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഇടപെടണമെന്നും ജോസ് കെ. മാണിയും തോമസ് ചാഴികാടനും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നെങ്കിലും വൈകിട്ട് നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ പുലര്‍ച്ചയോടെ തമിഴ്നാട് അടിയന്തരമായി ജലം പുറത്തേക്കൊഴുക്കുകയായിരുന്നു. തുടര്‍ന്ന് പെരിയാറിന്റെ തീരത്തുള്ള പത്തോളം വീടുകളില്‍ വെള്ളം കയറി. ഇവിടെയുള്ളവരെ അടിയന്തരമായി ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.

ഇന്നലെ ഷട്ടറുകള്‍ ആദ്യം തുറന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയില്ല. രണ്ടാമത് 2.30ന് തുറന്നതിന് ശേഷം 2.44ന് ആണ് മുന്നറിയിപ്പ് ലഭിക്കുന്നത്. 3.30ന് വീണ്ടും 10 വരെയുള്ള ഷട്ടറുകള്‍ തുറന്നു. ഇതിന്റെ വിവരം ലഭിക്കുന്നത് 4.27ന് ആണ്. സെക്കന്‍ഡില്‍ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. ഇതാണ് അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരാന്‍ കാരണമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News