എസ്‌.ഐ.യു.സി ഇതര കൃസ്‌ത്യന്‍ നാടാരെ പിണറായി ഗവണ്‍മെന്റ്‌ സംരക്ഷിച്ചത്‌ പോലെ മറ്റൊരു ഗവണ്‍മെന്റും സംരക്ഷിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍

എസ്‌.ഐ.യു.സി ഇതര കൃസ്‌ത്യന്‍ നാടാരെ പിണറായി ഗവണ്‍മെന്റ്‌ സംരക്ഷിച്ചത്‌ പോലെ മറ്റൊരു ഗവണ്‍മെന്റും സംരക്ഷിച്ചിട്ടില്ലെന്ന് മുന്‍ പിന്നോക്ക ക്ഷേമ – നിയമകാര്യ വകുപ്പ്‌ മന്ത്രി – എ.കെ ബാലന്‍. 2016 – ലെ എല്‍.ഡി.എഫ്‌ പ്രകടന പത്രികയിലെ ഒരു വാഗ്‌ദാനമായിരുന്നു ഇത്‌.

ഈ വിഭാഗത്തിന്‌ ഒ.ബി.സി സംവരണമെന്നത്‌ ഏതാണ്ട്‌ 60 വര്‍ഷത്തെ ആവശ്യമായിരുന്നു. അതാണ്‌ പിണറായി ഒന്നാം സര്‍ക്കാര്‍ നടപ്പിലാക്കിയത്‌. ഇതിന്റെ ഗുണം എസ്‌.ഐ.യു.സി ഇതര നാടാര്‍ വിഭാഗത്തിന്‌ ലഭ്യമാകാതിരിക്കന്‍ പലരും ശ്രമിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍.

ഇതിന്റെ ഭാഗമായിരുന്നു ഗവണ്‍മെന്റ്‌ ഉത്തരവ്‌ ഹൈക്കോടതിയെക്കൊണ്ട്‌ സ്റ്റേ ചെയ്യിപ്പിച്ചത്‌. ആ സ്റ്റേ മാറ്റാന്‍ കഴിഞ്ഞത്‌ ഗവണ്‍മെന്റിന്റെ ഇടപെടല്‍ മൂലമാണ്‌. 102-ാം ഭരണഘടനാ ഭേദഗതി പ്രകാരം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ ഒ.ബി.സി ലിസ്റ്റ്‌ ഒഴിവാക്കാനോ, കൂട്ടിച്ചേര്‍ക്കാനോ അധികാരമില്ലെന്ന പരാതിക്കാരന്റെ അപേക്ഷയാലാണ്‌ ഹൈക്കോടതി ഈ ഗവണ്‍മെന്റ്‌ ഉത്തരവ്‌ സ്റ്റേ ചെയ്‌തത്‌.

പിന്നീട്‌ പാര്‍ലമെന്റ്‌ പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ പ്രകാരം സംസ്ഥാന ഗവണ്‍മെന്റിന്‌ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അധികാരം ഉണ്ടെന്ന്‌ വ്യക്തമാക്കി. കേരളാ ഗവണ്‍മെന്റ്‌ കേന്ദ്ര ഗവണ്‍മെന്റിനോട്‌ മുമ്പ്‌ തന്നെ ഈ ആവശ്യം മുന്നോട്ട്‌ വെച്ചിരുന്നു. കേന്ദ്ര ലിസ്റ്റില്‍ ആദ്യം തന്നെ കേരളത്തിലെ എസ്‌.ഐ.യു.സി ഇതര കൃസ്‌ത്യന്‍ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ്‌ കേരള പിന്നോക്ക കമ്മീഷന്‍ എസ്‌.ഐ.യു.സി ഇതര കൃസ്‌ത്യന്‍ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‌ സംസ്ഥാന സര്‍ക്കാറിന്‌ അധികാരമുണ്ടെന്ന്‌ ശുപാര്‍ശ ചെയ്‌തത്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ എല്‍.ഡി.എഫ്‌ ഗവണ്‍മെന്റ്‌ ഉത്തരവായത്‌.

യു.ഡി.എഫിന്‌ സാധിക്കാത്തതും, മറ്റ്‌ ചില വിഭാഗങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെടാത്തതുമായ ഒരു കാര്യം പിണറായി സര്‍ക്കാര്‍ നിറവേറ്റിയതിലുള്ള അസൂയയാണെന്നും മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here