സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കമായി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംരംഭങ്ങൾക്ക് തുടക്കമായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 29-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടന്ന ചടങ്ങിൽ നവീകരിച്ച വെബ്‌സൈറ്റ്, വീഡിയോ കോൺഫറൻസ് വെബ് ആപ്പ്, ഇലക്ഷൻ ഗൈഡ് എന്നിവയുടെ പ്രകാശനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സന്നിഹിതനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയ ലളിതമാക്കുന്നതിനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാവർക്കും ഏറെ പ്രയോജനം ചെയ്യുന്ന സംരംഭങ്ങളാണ് കമ്മീഷൻ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കമ്മീഷന്റെ സ്ഥാനവും പ്രസക്തിയും, ഭരണഘടനാ വ്യവസ്ഥകളും ബന്ധപ്പെട്ട നിയമങ്ങളുടെ സംഗ്രഹവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണ്.

വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ യോഗങ്ങളും പരിശീലനങ്ങളും കേസുകളുടെ ഹിയറിംഗുകളും ഓൺലൈനായി നടത്തുന്നതിന് വെബ്, മൊബൈൽ ആപ്പ് രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
കമ്മീഷന്റെ നിലവിലുള്ള വെബ് സൈറ്റുകൾ ഏകീകരിച്ച് സമഗ്രമായി പരിഷ്‌ക്കരിച്ചതാണ് നവീകരിച്ച വെബ്‌സൈറ്റ്.

നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്മീഷന്റെ വിവിധ പ്രവർത്തനങ്ങളും സേവനങ്ങളും അനുബന്ധ വിവരങ്ങളും സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. www.sec.kerala.gov.in ആണ് വിലാസം.

കമ്മീഷൻ സെക്രട്ടറി എ.സന്തോഷ്, പ്രൈവറ്റ് സെക്രട്ടറി കെ.വി.മുരളീധരൻ, ജോയിന്റ് സെക്രട്ടറി അജി ഫിലിപ്പ്, ലാ ഓഫീസർ വി. ഷാജിമോൻ, സ്റ്റേറ്റ് ഇൻഫൊർമാറ്റിക്‌സ് ഓഫീസർ പി. വി. മോഹനകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here