കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയില്‍ പൂര്‍ത്തിയാക്കണം: എം.വി.ഗോവിന്ദൻമാസ്റ്റർ

കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ ചിട്ടകളും അച്ചടക്കവും ഉറപ്പാക്കികൊണ്ട് തികച്ചും ജനാധിപത്യപരമായ രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി വരുത്തി ഉത്തരവിട്ടു.

സി.ഡി.എസ് ത്രിതല സമിതികളുടെ തെരഞ്ഞെടുപ്പ് ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും. ഒന്നോ അതില്‍ കൂടുതലോ എ.ഡി.എസുകളുടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി സി.ഡി.എസ് വരണാധികാരി നിയമിക്കുന്നയാള്‍ പ്രസ്തുത എ.ഡി.എസിന്റെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായും പ്രവര്‍ത്തിക്കണം.

അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ് യോഗത്തിന് വേണ്ടി മാത്രം, അദ്ധ്യക്ഷയായി അയല്‍ക്കൂട്ടാംഗങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കും.

കുടുംബശ്രീ സംഘടനാ സംവിധാനങ്ങളുടെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമയബന്ധിതവും നീതിയുക്തവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുകയും പരാതികളിന്മേൽ തീർപ്പുകൽപ്പിക്കാനുമുള്ള ചുമതല ജില്ലാ കളക്ടർ നിർവ്വഹിക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിശീലന പരിപാടികളുടെയും സംഘാടന ചുമതല കുടുംബശ്രീ ജില്ലാ മിഷന്റേതാണ്. 2022 ജനുവരി 26ന് പുതിയ ഭരണസമിതികൾ മൂന്നു തലങ്ങളിലും ചുമതലയേൽക്കേണ്ടതിനാൽ അതിനുമുമ്പായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.

എസ്.സി, എസ്.ടി, ബിപിഎൽ, എന്നിങ്ങനെ സംവരണക്രമം പാലിച്ചാണ് ഭരണസമിതി തെരഞ്ഞെടുപ്പും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതെന്ന് ഉറപ്പാക്കണം.

തെരഞ്ഞെടുപ്പ് പൊതുയോഗ ചെലവുകൾ കഴിയുന്നത്ര ലഘൂകരിക്കുകയും അനിവാര്യമായവ അതാതു തലങ്ങളിൽ അനുവദനീയമായ രീതിയിൽ വഹിക്കുകയും വേണം.

മാർഗ്ഗനിർദ്ദേശങ്ങൾക്കും നടപടിക്രമങ്ങൾക്കും വിരുദ്ധമായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ അസാധുവാക്കുകയും, പുതിയ തെരഞ്ഞെടുപ്പിന് ഉത്തരവാകുകയും ചെയ്യുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥന് അധികാരമുണ്ടായിരിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here