വിദ്യാർഥികളുടെ ബസ് ചാർജ് വർധനവ്: ചർച്ച തുടരുമെന്ന് മന്ത്രി ആന്റണി രാജു

വിദ്യാർഥികളുടെ യാത്രാ കൺസഷൻ നിലവിലെ രീതിയിൽ തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ബസ് ചാർജ് വർധനവ് സംബന്ധിച്ച് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജുവും പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും നടത്തിയ ചർച്ചയിലാണ് കൺസഷൻ നിലവിലുള്ളതുപോലെ തുടരണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടത്.

വിദ്യാർഥികളുടെ മിനിമം ചാർജ് നിലവിലുള്ള ഒരു രൂപയിൽ നിന്ന് ആറ് രൂപയായി വർദ്ധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 50 ശതമാനമായി ഉയർത്തണമെന്നുമായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.

ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശയും വിദ്യാർഥികളുടെ ബസ് ചാർജ് 5 രൂപയായി വർദ്ധിപ്പിക്കണം എന്നായിരുന്നു. 2012-ലാണ് വിദ്യാർഥികളുടെ മിനിമം ബസ് ചാർജ് 50 പൈസയിൽ നിന്നും ഒരു രൂപയായി വർദ്ധിപ്പിച്ചത്.

ഡീസലിന്റെയും അനുബന്ധ ഘടകങ്ങളുടെയും വിലവർദ്ധന പരിഗണിച്ച് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ സ്വകാര്യ ബസുടമ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ചാർജ്ജ് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും ഇതു സംബന്ധിച്ച് വിദ്യാർഥി സംഘടനകളെക്കൂടി വിശ്വാസത്തിലെടുത്തേ തീരുമാനിക്കൂ എന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News