സന്ദീപിന്റെ കൊലപാതകം: താന്‍ ആര്‍ എസ് എസ്സുകാരനെന്ന് പ്രതി; വചസ്പതിയുടെ വാദം പൊളിയുന്നു

തിരുവല്ലയിലെ സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഒരു കള്ളത്തരം കൂടി പൊളിയുന്നു. കൊലപാതകത്തില്‍ പ്രതികളായ ആര്‍ എസ് എസ്സുകാരെ വെള്ളപൂശാനും സംഭവത്തിന് പിന്നില്‍ സി പി ഐ എം ആണ് എന്ന് വരുത്തി തീര്‍ക്കാനുമുള്ള വചസ്പതിയുടെ ഗൂഢശ്രമാണ് ഇവിടെ പൊളിഞ്ഞുവീണത്.

സന്ദീപിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ജിഷ്ണുവിന്റെ അച്ഛന്‍ രഘു സ്ഥലത്തെ പ്രധാന സി.ഐ.ടി.യു. പ്രവര്‍ത്തകനാണെന്നായിരുന്നു വചസ്പതി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. എന്നാല്‍ സംഭവത്തിലെ പ്രധാന പ്രതി ജിഷ്ണു തന്നെ താന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ ആണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

തന്‍റെ ഫെയ്സ്ബുക്ക് ഇന്‍ട്രോയിലാണ് ജിഷ്ണു താന്‍ യുവമോര്‍ച്ചക്കാരനാണെന്ന് എ‍ഴുതിയിട്ടുള്ളത്. ഇതിലൂടെ വചസ്പതിയുടേയും മറ്റും കള്ള പ്രചാരണങ്ങള്‍ ചീട്ട് കൊട്ടാരം പോലെ പൊളിഞ്ഞു വീഴുകയാണ്. അതേസമയം തിരുവല്ലയില്‍ എല്‍ സി സെക്രട്ടറിയെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയിലായിരുന്നു.

ചാത്തങ്കേരി സ്വദേശി ജിഷ്ണു. പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങല്‍ സ്വദേശി നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസി എന്നിവര്‍ കസ്റ്റഡിയില്‍. അഞ്ചാമന്‍ വേങ്ങല്‍ സ്വദേശി അഭി പിടിയിലാകാനുണ്ട്. ഫൈസി ആണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി പിടിയിലായത്.

അതേസമയം പ്രതികളുടെ ബി ജെ പി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. പിടിയിലായ ജിഷ്ണു യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്തിന്റെ ചുമതലയുള്ളയാള്‍ കൂടിയാണ്.

ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത് .തിരുവല്ല നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരകിലോമീറ്റര്‍ മാറിയുള്ള കലുങ്കിന് അടുത്തുവെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സന്ദീപിന് പിന്നാലെ മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍ പരിക്കെറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ സമീപത്തെ വയലിലെ വെള്ളക്കെട്ടില്‍ ഇട്ട് അതി ക്രൂരമായി വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കെതിരെയും ആര്‍ എസ് എസ് കൊലയാളികള്‍ ആയുധങ്ങള്‍ കാട്ടി ഭീഷണി മുഴക്കി. ഇതിന് ശേഷമാണ് സംഘം ഓടി രക്ഷപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റിരുന്നതായി സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ചോ പ്രകോപനത്തെ പറ്റിയോ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here